KeralaNews

വന്ദേഭാരത്🚂 ചൂടപ്പംപോലെ ടിക്കറ്റ് വില്‍പ്പന, മേയ് 1 വരെ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല

തിരുവനന്തപുരം:തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മേയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണു ചെയർകാറിൽ ബാക്കിയുള്ളത്. 

ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കു ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണു നിരക്ക്. തിരികെ കാസർകോടു നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണു നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും. 

രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. 3 ഭക്ഷണം ഉൾപ്പെടുന്നതാണു ടിക്കറ്റ് നിരക്കു കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണു നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ് (ചെയർകാർ 1265, എക്സിക്യൂട്ടീവ് ക്ലാസ് – 2500).

രാജധാനിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണു വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവച്ചാലും ട്രെയിനിൽ പണം കൊടുത്തു വാങ്ങാൻ കഴിയും.

വന്ദേഭാരതിൽ എക്സിക്യൂട്ടീവ് ക്ലാസിനാണു ഗമ കൂടുതൽ. ട്രെയിനിലെ ഏറ്റവും നിരക്കു കൂടിയ ടിക്കറ്റുകളും ഈ ക്ലാസിലാണ്. 2 എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളാണ് 16 കാർ വന്ദേഭാരത് ട്രെയിനുകളിലുള്ളത്. 52 സീറ്റുകൾ വീതം 104 സീറ്റുകളാണുള്ളത്. ഈ ക്ലാസിലെ പ്രധാന ആകർഷണം 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ്. പുറത്തെ കാഴ്ചകൾ കാണാൻ വീതിയേറിയ ഗ്ലാസുകളുമുണ്ട്.

വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നിൽക്കുന്നതാണു വന്ദേഭാരതിലെ എക്സിക്യൂട്ടീവ് ക്ലാസ്. വിമാന മാതൃകയിൽ സീറ്റിന്റെ ആം റെസ്റ്റിനുള്ളിലാണു സ്നാക് ടേബിളുള്ളത്. ചെയർ കാർ സീറ്റിനേക്കാൾ കുറെക്കൂടി പുറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകളാണ് എക്സിക്യൂട്ടീവിലേത്. കാലുകൾ ഉയർത്തിവയ്ക്കാൻ റിട്രാക്ടബിൾ ഫുട്റെസ്റ്റുമുണ്ട്. ഇ1, ഇ2 എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ കോഡ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button