KeralaNews

വന്ദേഭാരത് കണ്ണൂരിലെത്തി; യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഒാട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയത്. ട്രെയിൻ ഇനി തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഒാട്ടം.

യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍, 7.28ന് കോട്ടയത്തും 8.28-ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലും എത്തി. തൃശൂരിൽ 9.37നും കോഴിക്കോട് 11.17നും എത്തി. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്. ഉച്ചയ്ക്കു ശേഷം 2.30ഓടെ തിരുവനന്തപുരത്തേക്ക് മടങ്ങും.

കൊച്ചുവേളി യാർഡിൽനിന്ന് പുലർച്ചെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചിരുന്നു. ഷൊർണൂരിൽ സ്റ്റോപ് ഇല്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽനിന്ന് ട്രെയിനിൽ കയറി. കോട്ടയം വഴിയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ.

ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഒാട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഒാഫ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button