കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന്‍ തില്ലങ്കേരി; എസ്.ഡി.പി.ഐ

ആലപ്പുഴ: കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെന്ന് എസ്ഡിപിഐ. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്തെന്ന് പികെ ഉസ്മാന്‍ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയുമായി ആലപ്പുഴയില്‍ വെട്ടേറ്റ് മരിച്ചത് രണ്ട് നേതാക്കളാണ്. എസ്ഡിപിഐയുടെയും ബിജെ പിയുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്.

കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന ആരോപണം ആസൂത്രിതമെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. ഇന്നലെ ആലപ്പുഴയില്‍ പോയിരുന്നു. പൊതു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു.

അതേസമയം ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടുകാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. മൂന്ന് ബിജെപി നേതാക്കളെയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ കൊലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് വര്‍ഗീയ കലാപമുണ്ടാക്കാനാണ്. പിഎഫ്‌ഐ പിന്തുടരുന്നത് താലിബാന്‍ മാതൃകയാണ് അതിന് സഹായിക്കുന്നത് പൊലീസും സിപിഐഎമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്നാണ് ജില്ലാ പോലീസ് മേധാവി ജി ജയദേവ് വ്യക്തമാക്കിയത് . ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായതായി ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News