വാളില്‍ തൊടാന്‍ ശ്രമിച്ചു; സുവര്‍ണക്ഷേത്രത്തില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
അമൃത്സര്‍: പഞ്ചാബിലെ പ്രശസ്തമായ സുവര്‍ണ്ണ ക്ഷേത്രത്തില്‍ കൊലപാതകം. വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ യുവാവ് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം. 20-നും 25-നും ഇടയില്‍ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസേനയുള്ള സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിംഗിലൂടെ ഈ യുവാവ് അകത്തേക്ക് ചാടിയെത്തിയത്. ശേഷം ഇയാള്‍ ക്ഷേത്രത്തിലെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വാളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായവര്‍ ഇയാളെ തടഞ്ഞു വെക്കുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ആളുകള്‍ ഒരാളെ തടയാനായി ഓടുന്നത് ലൈവായി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീടാണ് സംഭവത്തിന് പിന്നാലെ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്.
അതേസമയം, ഇയാള്‍ ആരാണെന്നും എന്തിനാണ് അകത്ത് കടന്നതെന്നും സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. എവിടെ നിന്നാണ് വന്നത്, എപ്പോള്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചു, ഇയാളുടെ ഒപ്പം എത്ര പേര്‍ ഉണ്ടായിരുന്നു എന്നെല്ലാം കണ്ടെത്താനായി എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി അപലപിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.