കോട്ടയം:വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റുന്നത് പലതവണ റിപ്പോർട്ട് ചെയ്തതാണ്. പക്ഷേ ഇന്ന് രാവിലെ (03/01/2020) സ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനമുൾപ്പടെ നഷ്ടപ്പെടുകയായിരുന്നു. പുത്തൻ പറമ്പിൽ അനീഷിന്റെ ഉടമസ്ഥതയിലുള്ള KL- 05 R 6114 എന്ന നമ്പറിലുള്ള ഹീറോ ഹോണ്ട സ്‌പ്ലെൻഡർ ബൈക്ക് ആണ് നഷ്ടമായിരിക്കുന്നത്. വൈക്കം റോഡ് സ്റ്റേഷന് സുരക്ഷിതമായ പാർക്കിങ് സൗകര്യം ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. പലരും സമീപത്തുള്ള വീടുകളിൽ പാർക്കിങ്ന് ആശ്രയിക്കുകയാണ്. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് സീറ്റുകൾ കുത്തിക്കീറുകയും വാഹനത്തിൽ പോറൽ ഏൽപ്പിക്കുന്നതും പെട്രോൾ ഊറ്റുന്നതും ഇവിടെ സ്ഥിരം സംഭവമാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അധികൃതരുടെ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. മദ്യപാനവും മറ്റു ലഹരി മരുന്നുകളുടെ ഉപയോഗവും റെയിൽവേ സ്റ്റേഷനും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. നിരവധി സ്ത്രീകളും കടുത്തുരുത്തി പോളിടെക്‌നിക്കലിലെ വിദ്യാർത്ഥിനികളും ആശ്രയിക്കുന്ന സ്റ്റേഷനിൽ നിന്ന് മറ്റു വാർത്തകൾ റിപ്പോർട്ട് ചെയ്യാത്തത് ഭാഗ്യമെന്ന് മാത്രമേ കരുതാൻ കഴിയൂ. പലതും വാർത്തകളാവാൻ കാത്തുനിൽക്കാതെ ജനപ്രതിനിധികൾ ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയാണ്
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ കുടുംബശ്രീയുടെ പാർക്കിങ് സൗകര്യം ഉണ്ടെങ്കിലും യാത്രക്കാർ അതൃപ്തരാണ്. രാവിലെ പ്രത്യക്ഷപ്പെടുന്ന പിരിവുകാരെ വൈകുന്നേരം വാഹനം എടുക്കുന്ന സമയം കാണാറില്ലെന്നും പാർക്ക് ചെയ്യുന്ന വാഹങ്ങൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. മേൽക്കൂരയും മറ്റു സൗകര്യങ്ങളും ഇല്ലാത്ത പാർക്കിങ് ആണ് ഏറ്റുമാനൂർ സ്റ്റേഷനിൽ നിലവിൽ ഉള്ളത്. വഴിയോരങ്ങളിൽ പാർക്ക് ചെയ്ത് ഏറ്റുമാനൂർ യാത്രക്കാർ അവരുടെ പ്രതിഷേധം അറിയിക്കുകയാണ്. രണ്ടും തുല്യമാണെന്നാണ് അവർ അവകാശപ്പെടുന്നത്