വയറ്റിലെ മുഴ നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു; തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍
തിരുവനന്തപുരം: വയറ്റിലെ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ചികിത്സപ്പിഴവാണെന്ന് കാട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്‌കൂളിന് സമീപം ടി.എസ്.നിവാസില്‍ അഷിത എല്‍.വിജയനാണ് (27) മരിച്ചത്.
ഉദരത്തിലെ മുഴനീക്കാന്‍ ഞായറാഴ്ച അഷിതയെ ഉള്ളൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ല. തുടര്‍ന്ന് അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ നല്‍കിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് അഷിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കൊളജ് പോലീസ് കേസെടുത്തു. ഭര്‍ത്താവ് രജനീഷ് രഘുനാഥ് ദുബായില്‍ എന്‍ജിനീയറാണ്. ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു അഷിത. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് ഉദരത്തില്‍ മുഴ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്.