CrimeKeralaNews

സനു മോഹന്റെ ഫ്‌ളാറ്റിലെ രക്തം,ഉത്തരംതേടി പോലീസ്,സനുവിനൊപ്പം കാറിനായും ലുക്കൗട്ട് നോട്ടീസ്

കൊച്ചി:കാക്കനാട് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ സനു മോഹന്‍ നാടുവിടാന്‍ ഉപയോഗിച്ച സ്വന്തം കാര്‍ പൊളിച്ചു വിറ്റതായി സൂചന. ചെന്നൈയിലേക്കു പോയ അന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ പഴയ കാര്‍ വര്‍ക്ഷോപ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നേരത്തെ സനു മറ്റൊരു കാര്‍ പൊളിച്ചു വിറ്റതായി പൊലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ സനുവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയില്‍ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും നോട്ടിസിലുണ്ട്. സനുവിനെ കണ്ടെത്താന്‍ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.

സനുവുമായി ബന്ധമുള്ള ആരെയും ഫോണ്‍ രേഖകളുടെ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. പുണെയില്‍ സനുവുമായി കേസുള്ള വ്യക്തികളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഭയം സനുവിന് ഉണ്ടായിരുന്നതായി പൊലീസിനു സൂചന കിട്ടിയിരുന്നു.

മാര്‍വാഡി പണമിടപാടു സംഘങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അവരുമായി സനുവിന് ഇടപാടുകള്‍ ഉള്ളതായി കണ്ടെത്താനായില്ല. തൃക്കാക്കര അസി.പൊലീസ് കമ്മിഷണര്‍ ആര്‍.ശ്രീകുമാര്‍, ഇന്‍സ്‌പെക്ടര്‍ കെ.ധനപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സനു മോഹനുമായി തൊഴില്‍പരമായും അല്ലാതെയും ബന്ധമുള്ള ഒട്ടേറെപ്പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

സനു മോഹന്റെ ഫ്‌ലാറ്റിലെ മുറിയില്‍ കണ്ടെത്തിയ രക്തം ആരുടേതെന്നു വ്യക്തമായാല്‍ അന്വേഷണം എളുപ്പമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിനു ഫൊറന്‍സിക് പരിശോധനാ ഫലം ലഭിക്കണം. സനുവിന്റെയോ വൈഗയുടേതോ രക്തവുമായി സാമ്യം കിട്ടുന്നില്ലെങ്കില്‍ അന്വേഷണം കൂടുതല്‍ ദുഷ്‌ക്കരമാകുകയും ചെയ്യും. വൈഗയുടെ മരണത്തിലും സനുവിന്റെ തിരോധാനത്തിലും മൂന്നാമതൊരാള്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ അന്വേഷിക്കേണ്ടി വരും.

വൈഗയുമായി സനു പുറത്തു പോയ ദിവസം ഫ്‌ലാറ്റില്‍ അപരിചിതര്‍ ആരും എത്തിയിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. മുറിയില്‍ കണ്ട രക്തക്കറയും മറ്റു തെളിവുകളും തലേന്നാളത്തേതു തന്നെയാണോ എന്ന ചോദ്യവും നിര്‍ണായകമാണ്. മകളെ പുഴയില്‍ തള്ളിയ ശേഷം സനു ജീവനൊടുക്കാനുള്ള സാധ്യത അന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ പൊലീസിന് ഉണ്ടായെങ്കിലും ഇപ്പോള്‍ ആ സാധ്യതയ്ക്കു മങ്ങലേറ്റു. സനു നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായതോടെയാണു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നു പൊലീസ് വിലയിരുത്തുന്നത്.

വൈഗയുടേതു മുങ്ങി മരണമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും ദുരൂഹത തീരാന്‍ ആന്തരികാവയവ പരിശോധനാ ഫലം കിട്ടേണ്ടതുണ്ട്. സാധാരണ നിലയില്‍ ഇതിനു മാസങ്ങള്‍ എടുത്തേക്കും. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ കോടതി വഴി ശ്രമിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. വൈഗയെ അബോധാവസ്ഥയില്‍ പുഴയില്‍ തള്ളിയതാകാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഫ്‌ലാറ്റില്‍ നിന്നു വൈഗയെ തോളില്‍ കിടത്തിയാണ് കാറിലേക്ക് കൊണ്ടുപോയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button