കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ ഇന്നലെയുണ്ടായ തീപ്പിടിത്തത്തിൽ ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. ആന്ധ്ര സ്വദേശി മറ്റൊരു കെട്ടിടത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
താലൂക്ക് ഓഫീസിനോട് ചേർന്നുള്ള ലാൻഡ് അക്വിസിഷൻ ഓഫീസിലെ ശൗചാലയത്തിൽ കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായിരുന്നു. ഈ ഓഫീസിലെ ചുമരിൽ തെലുങ്കിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകളും കണ്ടെത്തിയിരുന്നു. ഇതിനു പുറമെ 12-ന് എടോടിയിലെ ഒരുകെട്ടിടത്തിനു മുകളിലും പഴയസാധനങ്ങൾ കൂട്ടിയിട്ട് തീയിട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് ഒരാൾ കയ്യിലൊരു കുപ്പിയുമായി കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ആന്ധ്ര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ ചോദ്യംചെയ്യുകയാണ്. ഇയാളാണോ പ്രതി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന.
അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ല എന്ന് ഇന്നലത്തെ അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അമിതമായ വൈദ്യുത പ്രവാഹമൊന്നും ഈ പ്രദേശത്തെ മീറ്ററുകളിൽ രേഖപ്പെടുത്തിയിട്ടില്ല. വടകര എം.എൽ.എ കെ.കെ രമ ഉൾപ്പടെയുള്ളവർ സംഭവത്തിൽ അട്ടിമറി ആരോപിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് വടകര താലൂക്കോഫീസ് കെട്ടിടം അഗ്നിക്കിരയായത്. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ തീപടർന്നതിനെത്തുടർന്ന് ആയിരക്കകണക്കിനു രേഖകൾ കത്തിച്ചാമ്പലായി. 1930 മുതലുള്ള രേഖകൾ ഇതിലുണ്ട്. 135 വർഷത്തോളം പഴക്കമുള്ള പൈതൃകപദവിയുള്ള കെട്ടിടത്തിലാണ് പുലർച്ചെ 5.30-ഓടെ തീപടർന്നത്. മണിക്കൂറുകൾക്കക്കം തീ താലൂക്ക് ഓഫീസിനെയാകെ വിഴുങ്ങി. രക്ഷാപ്രവർത്തനം വരെ ദുഷ്കരമാക്കുന്ന വിധത്തിലാണ് തീ ആളിക്കത്തിയത്. തഹസിൽദാരുടെ മുറിയും 70-ഓളം ജീവനക്കാർ ജോലിചെയ്യുന്ന വിവിധ സെക്ഷനുകളും കത്തിച്ചാമ്പലായി. 50 ഓളം കംപ്യൂട്ടർ, രണ്ടാഴ്ചമുമ്പ് സ്ഥാപിച്ച പുതിയ ഫർണിച്ചറുകൾ, മൂന്ന് ഹൈസ്പീഡ് സ്കാനർ, മൂന്ന് പ്രിന്റർ, സീലിങ്, മേൽക്കൂരയിലെ മരം, ഓടുകൾ എന്നിവയെല്ലാം നശിച്ചു.