വടകര: അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയയെന്നു സൂചന. ഇതിന്റെ വ്യാപ്തി കണക്കിലെടുത്ത് തുടരന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വരാനും സാധ്യതയേറി.
ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘംതന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.
എം.ഡി.എം.എ. ഉപയോഗിക്കുന്നവരെത്തന്നെ വിൽപ്പനക്കാരാക്കി മാറ്റുന്ന വലിയൊരു മാഫിയ ഇതിനുപിന്നിലുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. സൈബർ സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ തട്ടിപ്പ് നടത്തിയ പണം കൈമാറാൻ കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുന്ന രീതിയുണ്ട്. ഇതേരീതി എം.ഡി.എം.എ. ഇടപാടുകളിലും പരീക്ഷിക്കുന്നതായി ഈ സംഭവം തെളിയിക്കുന്നു.
നല്ല വിദ്യാഭ്യാസവും സമൂഹത്തിൽ വിലയും നിലയുമുള്ള അധ്യാപികമാരെവരെ ഈ കെണിയിൽ കുടുക്കിയിട്ടുണ്ടെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് പോലീസ് വിലയിരുത്തൽ.
എം.ഡി.എം.എ. ഇടപാടുകളുടെ പണം അക്കൗണ്ട് വഴി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് അറസ്റ്റു ചെയ്ത പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശിനി കീർത്തന, സ്പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നിവരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്.
കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണംവാങ്ങാൻ നിയോഗിച്ചത്. ക്യുആർ കോഡ് വഴിയായിരുന്നു മയക്കുമരുന്ന് വേണ്ടവർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്.
കീർത്തനയെയും കാവ്യയെയും ഒന്നിച്ചു ചോദ്യംചെയ്യാൻ പോലീസ് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങും. രണ്ടുപേരും ഇപ്പോൾ റിമാൻഡിലാണുള്ളത്. ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്.


