ന്യൂഡൽഹി: ജന്തർമന്തറിൽ സമരംചെയ്ത വിദ്യാർഥികൾക്കും യുവജനങ്ങൾക്കുംനേരെ പെല്ലറ്റ് ഗണ്ണുപയോഗിച്ചത് തെറ്റെന്ന് റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് (ആർ.എ.എഫ്.). ഇത് ഗുരുതര വീഴ്ചയാണെന്നും പെല്ലറ്റുപയോഗിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നുമാണ് ആഭ്യന്തര അന്വേഷണത്തിൽ ആർ.എ.എഫിന്റെ കണ്ടെത്തൽ.
കോക്രോച്ച് ജനതാപാർട്ടി സമരത്തിനിടെയുണ്ടായ (സി.ജെ.പി.) പോലീസ് നടപടി മാനദണ്ഡങ്ങൾക്കും ആർ.എ.എഫ്. പരിശീലനത്തിനും അനുസൃതമല്ലെന്ന് ഈ റിപ്പോർട്ട് ഉദ്ധരിച്ച്, ആർ.എ.എഫ്. മേധാവി ഐ.ജി. സീമ ധുംതിയ സേനാംഗങ്ങളെ അറിയിച്ചു.
മൂന്നുവിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റതിനുപിന്നാലെയുള്ള ആഭ്യന്തര അവലോകനത്തിലാണ് പെല്ലറ്റ് ഗൺ ഉപയോഗിക്കാൻമാത്രം സുരക്ഷാഭീഷണിയുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്. ജന്തർമന്തറിലെ സേനാനടപടിക്കുമുൻപ് സേനാവിന്യാസം, പ്രതിരോധരീതി തുടങ്ങിയ വിവരങ്ങൾ സേനാ ആസ്ഥാനത്തിന് സമയബദ്ധമായി കൈമാറിയില്ലെന്ന് ഐ.ജി. കുറ്റപ്പെടുത്തി. സംഭവം നടന്ന ദിവസം ഡൽഹിയിൽ വിന്യസിച്ച കമ്പനി കമാൻഡർമാരാണ് 22-ന് നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തത്.
ആർ.എ.എഫ്. വിന്യാസത്തിനുമുൻപുതന്നെ വിന്യസിക്കപ്പെടുന്ന ഓരോ സേനാംഗത്തെയും അവരുടെ കർത്തവ്യം, ഉത്തരവാദിത്വം, ജനക്കൂട്ട നിയന്ത്രണം, ആയുധ ഉപയോഗം, സുരക്ഷാസംവിധാനങ്ങൾ ധരിക്കൽ എന്നിവയെല്ലാം ബോധ്യപ്പെടുത്തണം. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണവസ്ത്രംധരിച്ചവരടക്കം സേനാംഗങ്ങൾക്കൊപ്പം ലാത്തിച്ചാർജ് നടത്തിയെന്നും ഐ.ജി ചൂണ്ടിക്കാട്ടി. ഉത്തരവുണ്ടാകുംവരെ പെല്ലറ്റ്, ഇലക്‌ട്രിക് ഷോക്ക് തുടങ്ങിയവ ഉപയോഗിക്കരുതെന്നും യോഗത്തിൽ അവർ നിർദേശിച്ചിരുന്നു.
അതേസമയം, ആർ.എ.എഫിന്റെ നടപടിക്രമപ്രകാരം (എസ്.ഒ.പി.) പ്രവർത്തിക്കാൻ കമ്പനി കമാഡർമാർക്കോ കമാൻഡന്റുമാർക്കോ അനുവാദമുണ്ടായിരുന്നില്ലെന്നും ഉയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടിവന്നതെന്നും ആർ.എ.എഫിൽനിന്നുള്ളവർ ചൂണ്ടിക്കാട്ടുന്നു. സേനയെ വിന്യസിക്കുംമുൻപ് കൃത്യമായ നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്നും ഇവർ പറയുന്നു.
വിദ്യാർഥികൾക്കുനേരെ പെല്ലറ്റ് തോക്കടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ താങ്കൾ അനുമതി നൽകിയോ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് ഇതിന് അനുവദിച്ചതെന്നും രാഹുൽ ഷായ്‌ക്കെഴുതിയ കത്തിൽ ചോദിച്ചു.
സാദാ വസ്ത്രം ധരിച്ച് വിദ്യാർഥികളെ മർദിച്ചവർ പോലീസുകാരോ അതോ സന്നദ്ധ പ്രവർത്തകരോ? അവരുടെ വിന്യാസത്തിന് ആരാണധികാരം നൽകിയത്- രാഹുൽ ചോദിച്ചു. വിദ്യാർഥിനികളുടെ സ്വകാര്യഭാഗങ്ങളടക്കം ലക്ഷ്യമിട്ട് പോലീസുകാർ മനഃപ്പൂർവം ആക്രമിച്ചതായും രാഹുൽ കത്തിൽ കുറ്റപ്പെടുത്തി.
English SummaryIn a major revelation regarding the student protests in Delhi, the Rapid Action Force (R.A.F.) admitted that using pellets against the protesters was a mistake, clarifying that they acted strictly under the direct orders of senior IPS officers. Facing severe nationwide backlash over the excessive use of force, the RAF’s statement shifts the accountability to high-ranking police officers, sparking demands for immediate action against the officials who authorized the pellet usage.


