'അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ'; ഷൗക്കത്തിന്റെ വിജയത്തില്‍ വി.വി പ്രകാശിന്റെ മകളുടെ വൈകാരിക കുറിപ്പ്

'അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ'; ഷൗക്കത്തിന്റെ വിജയത്തില്‍ വി.വി പ്രകാശിന്റെ മകളുടെ വൈകാരിക കുറിപ്പ്

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുന്‍ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, എന്ന വാക്കുകളാണ് നന്ദന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം’, എന്നും നന്ദന, വി.വി. പ്രകാശിന്റെ ഫോട്ടോയ്ക്കുതാഴെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ, ജീവിച്ചുമരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസില്‍ ജീവിക്കുന്ന അച്ഛന്’, എന്ന നന്ദനയുടെ കുറിപ്പ് വലിയ ചര്‍ച്ചയായി. ‘ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും’, എന്നും അന്ന് നന്ദന കുറിച്ചു.

വോട്ടെടുപ്പ് ദിവസം, വി.വി. പ്രകാശ് ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന് ഓര്‍മിപ്പിച്ചും നന്ദന പോസ്റ്റിട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശിന്റെ വീട്ടില്‍ വോട്ടുചോദിക്കാനെത്താത്ത് എല്‍ഡിഎഫ് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നു. കുടുംബം തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തില്ലെന്നും ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ് അന്തരിച്ചത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോല്‍വിക്ക് കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തിച്ചതാണെന്ന് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അന്നേ ആരോപണമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News