‘അമ്മ’ ജനറൽ ബോഡിയിൽ നാടകീയ സംഭവ വികാസം; മോഹൻലാലിന്റെ പേരിൽ പ്രതിഷേധം

‘അമ്മ’ ജനറൽ ബോഡിയിൽ നാടകീയ സംഭവ വികാസം; മോഹൻലാലിന്റെ പേരിൽ പ്രതിഷേധം; നിലപാട് പറഞ്ഞ് ബൈജുവും

കൊച്ചി: പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെ മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക്. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായത്. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും. പുതിയ ഭരണസമിതി നിലവിൽ വരാത്തതിനാൽ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു വിഷയങ്ങളൊന്നും ജനറൽ ബോഡിയിൽ ചർച്ചയായില്ല എന്നാണ് വിവരം. 

ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറൽ ബോഡ‍ി തീരുമാനിക്കുമെന്നും രാജിവച്ച ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ തന്നെ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുമുള്ള ചർച്ചകളായിരുന്നു സജീവം. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചു. 

20ഓളം പേർ ജനറൽ ബോഡിയിൽ മോഹൻലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹൻലാൽ തുടരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ അംഗങ്ങൾ ഏക സ്വരത്തിൽ പ്രതിഷേധിക്കുന്ന സാഹചര്യം പോലുമുണ്ടായി. ചിലർ വൈകാരികമായി തന്നെ പ്രതികരിക്കുകയും ചെയ്തു എന്നാണ് വിവരം. എന്നാൽ നിലപാട് മാറ്റാൻ മോഹൻലാൽ തയാറായില്ല. തിരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകൾ നേതൃത്വത്തിലുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് വിവരം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റി 3 മാസം കൂടി തുടരാനും അതിനു ശേഷം തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്.

താൻ പ്രസിഡന്റാകാൻ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹൻലാൽ നിലപാടെടുത്തു. അംഗങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ അമ്മയ്ക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നതിനാൽ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതം – ലാൽ പറഞ്ഞു.

മോഹൻലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റാകേണ്ടതെന്നു സുരേഷ് ഗോപി പ്രതികരിച്ചു. സംഘടന പ്രതിസന്ധി നേരിട്ടപ്പോൾ പ്രസിഡന്റ് എന്ന നിലയിൽ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായതു മോഹൻലാലിനെ വേദനിപ്പിച്ചുവെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. നടൻ ബൈജു സന്തോഷ് തന്റെ പ്രസംഗത്തിനിടെ മോഹൻലാൽ തുടരണമെന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ അംഗങ്ങൾ ഒന്നടങ്കം കൈ പൊക്കി.

യോഗത്തിൽ പ്രസംഗിച്ച ഇരുപതിലേറെപ്പേർ മോഹൻലാൽ തുടരണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നു. സമ്മർദം മുറുകിയപ്പോൾ ‘ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീടു തീരുമാനിക്കാമല്ലോ’ എന്നു ലാൽ പ്രതികരിച്ചു.

കൈനീട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാതെയാണ് ഇന്നലത്തെ യോഗം പിരിഞ്ഞത്. പുതിയ ഭരണസമിതി വന്നശേഷം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കും. 500 അംഗങ്ങളിൽ 320 പേർ പൊതുയോഗത്തിനെത്തി. മുതിർന്ന നടൻ മധു ഓൺലൈനായി പങ്കെടുത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ അമ്മ നേതൃത്വത്തിലെ ചിലർക്കെതിരെ ലൈംഗികാരോപണം ഉയരുകയും സെക്രട്ടറിയിയിരുന്ന സിദ്ദിഖ് രാജി വയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ ഭരണസമിതി ഒന്നാകെ രാജി വച്ചത്. തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും അഡ്ഹോക് കമ്മിറ്റി പുതിയ ഭരണസമിതിയായി തുടരാനുമായിരുന്നു ആലോചന. എന്നാൽ മോഹൻലാല്‍ കടുത്ത നിലപാട് എടുത്തതോടെ തിരഞ്ഞെടുപ്പിലേക്ക് പോകാനായിരുന്നു ഒടുവിൽ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News