KeralaNews

തൃശൂരിൽ സുരേഷ് ഗോപിയോട് പോരിന്‌ വി.ടി.ബല്‍റാം;ചര്‍ച്ചകള്‍ തുടങ്ങുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോൺഗ്രസ് വൈകാതെ കടക്കുമെന്ന സൂചന നൽകി കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി ടി ബൽറാം. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല. എവിടെ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ ചർച്ചകളുണ്ടാകും. ഈ ചർച്ചകളിലേക്ക് വൈകാതെ പാർട്ടി കടക്കണമെന്നാണ് ആഗ്രഹമെന്ന് ബൽറാം വ്യക്തമാക്കി.

വ്യക്തിപരമായി പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ ഭാഗമല്ല. എത്രയും പെട്ടെന്ന് മത്സരിക്കണമെന്ന ആഗ്രഹവുമില്ല. സംഘടന രംഗത്ത് സജീവമായി തുടരുകയാണെന്നും ബൽറാം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ബൽറാം മറുപടി നൽകിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ യുഡിഎഫ് മത്സരിക്കുകയും 19 സീറ്റിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇതിൽ ഒരാൾ പിന്നീട് എൽഡിഎഫിലേക്ക് ചുവടുമാറി. പതിനഞ്ചും കോൺഗ്രസിൻ്റെ എംപിമാരാണ്. നിലവിലെ എംപിമാർ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുകയാണെങ്കിൽ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകും. സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനമെന്നും ബൽറാം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ പരാജയപ്പെട്ട വി ടി ബൽറാമിനെ തൃശൂരിൽ നിന്ന് ലോക്സഭയിലെത്തിക്കാനുള്ള നീക്കം കോൺഗ്രസിൽ ശക്തമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിറ്റിങ് എംപിയായ ടി എൻ പ്രതാപൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. അങ്ങനെയെങ്കിൽ പ്രതാപന് പകരമായിട്ടാകും ബൽറാമിനെ പരിഗണിക്കുക.

ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റാണ് തൃശൂർ. അപ്രതീക്ഷിത നീക്കമൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണയും സുരേഷ് ഗോപി തന്നെയായിരിക്കും ബിജെപി സ്ഥനാർഥി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.

തൃശൂരിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സുരേഷ് ഗോപിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇത് മുന്നിൽ കണ്ടാണ് തൃശൂരിൽ സുരേഷ് ഗോപി സജീവമായി തുടരുന്നത്. സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി മടിച്ചത് തൃശൂർ മുന്നിൽ കണ്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button