പാലക്കാട്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പുകഴ്ത്തിയും പിപി ചിത്തരഞ്ജന്‍ എംഎല്‍എയെ പരിഹസിച്ചും കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് മാത്യു കുഴല്‍നാടെന്നും പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയാണ് ചിത്തരഞ്ജനെന്നുമാണ് ബല്‍റാമിന്റെ പ്രതികരണം.
ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ കുട്ടികള്‍ മാത്രം താമസിക്കുന്ന വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ദളിത് കുടുംബത്തിലെ ഗൃഹനാഥനും കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരിക്കെയാണ് വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തിയത്. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു. കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴല്‍നാടന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കോഴിമുട്ട റോസ്റ്റിന് അമ്ബതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് എംഎല്‍എയും ഡ്രൈവറും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബില്‍ തുക 184 രൂപയായിരുന്നു.
”ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല”, എന്നായിരുന്നു സംഭവത്തില്‍ എംഎല്‍എയുടെ പ്രതികരണം.