രാഹുൽ മാങ്കൂട്ടത്തിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ല; വിശദീകരണവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഗർഭഛിദ്ര ആരോപണമടക്കം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പാലക്കാട്ട് വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഹുലിനെ തടയില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വേദി പങ്കിട്ടത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയിരുന്നു. വിമർശനമുയർന്നതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.

‘രാഹുൽ അവിടുത്തെ എംഎൽഎയാണ്. അയാളുടെ മണ്ഡലത്തിൽ വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. കോടതി ശിക്ഷിച്ചിട്ടില്ല. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിർത്തുകയോ പരിപാടിയിൽ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല.

യുഡിഎഫ് ആണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷമായി മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞു നടക്കുകയാണ്. എന്തോ ഒരു കാര്യത്തിന് എനിക്ക് നേരെ ഇപ്പോഴും കരിങ്കൊടി കാണിക്കുകയാണ്. മന്ത്രി വാസവൻ രാജിവെക്കണമെന്ന് പറയുന്നു. ആവർത്തിച്ചു പറഞ്ഞു പറഞ്ഞ് രാജിവെക്കണം എന്നതിന് വിലയില്ലാതായി. രാഹുലിനെ വേണമെങ്കിൽ പങ്കെടുപ്പിക്കാതിരിക്കാം.

പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തിൽ മാന്യത കാണിക്കുക എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗൺസിലർ ഇറങ്ങിപ്പോയത് അവരുടെ പാർട്ടിയുടെ തീരുമാനമായിരിക്കും- മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News