തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഘട്ടംഘട്ടമായി നടപ്പാക്കും. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസഡയറക്ടര്‍ എന്നുള്ള പോസ്റ്റ്മാറി ഡയറക്ടര്‍ ഓഫ് ജനറല്‍ ഏജ്യുക്കേഷന്‍ എന്നായത്. സ്‌കൂളുകളില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട് മെന്റ് പ്രിന്‍സിപ്പാലാകും.
മുഴുവന്‍ അധ്യാപകസംഘടനകളുടെയും മാനേജമെന്റിന്റെയും യോഗം ചേര്‍ന്നിരുന്നതായും മന്ത്രി പറഞ്ഞു. അധ്യാപകസംഘടനകള്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രയായസങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താം. അല്ലാതെ രാഷ്ട്രീയ മുദ്രാവാക്യം നടത്തി വിദ്യാഭ്യാസരംഗം താറുമാറാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 4801 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗികളുടെ കണക്ക്.