വാവ സുരേഷിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: വാവാ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുക. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടലാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. വാവാ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായതിന് പിന്നാലെയാണ് മന്ത്രി വാസവന്റെ പ്രതികരണം.

പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്ന വാവാ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്. തന്റെ രണ്ടാം ജന്മമാണിതെന്നും കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും ഡിസ്ചാര്‍ജായാതിന് പിന്നാലെ വാവാ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് വാവാ സുരേഷിന്റെ തീരുമാനം. തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. ഏത് രീതിയില്‍ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

വാവാ സുരേഷിന്റെ ആരോഗ്യനില പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മന്ത്രി വി എന്‍ വാസവനും വാവാ സുരേഷിനൊപ്പം ഉണ്ടായിരുന്നു. നിവരധി പേരാണ് വാവാ സുരേഷിനെ കാണാനായി ആശുപത്രിയില്‍ തടിച്ചുകൂടിയത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News