KeralaNews

കയത്തില്‍ ചാടിയ താറാവ് കുഞ്ഞും അമ്മക്കോഴിയും; മാണി സി കാപ്പനെ ട്രോളി വി.എന്‍ വാസവന്റെ കഥ

കോട്ടയം: പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മാണി സി കാപ്പന്റെ മുന്നണി മാറ്റം ഏറെ ചര്‍ച്ചയായിരിന്നു. കാപ്പനെ വിമര്‍ശിച്ച് ഇടതു മുന്നണിയിലെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ എത്തിയത് ഒരു താറാവിന്റെ കഥയുമായാണ്. കയത്തില്‍ ചാടിയ താറാവ് കുഞ്ഞിന്റേയും അതിന് അപകട മുന്നറിയിപ്പ് നല്‍കുന്ന തള്ളക്കോഴിയുടേയും കഥയാണ് ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കവെച്ചത്. മാണി സി കാപ്പന്റെ പേര് എടുത്തു പറയാതെയുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താറാവിന്‍ കുഞ്ഞിനൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടിലാണ് കുറിപ്പ്.

വാസവന്റെ പോസ്റ്റ് വായിക്കാം

പഴമക്കാര്‍ പറഞ്ഞു കേട്ടൊരു കഥയുണ്ട്…….
പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി , ഒരു തവണ അടയിരുന്നപ്പോള്‍ കൂട്ടത്തില്‍ ഒരു താറാവിന്‍ മുട്ടയും അവള്‍ വച്ചു. കോഴി മുട്ടകള്‍ വിരിഞ്ഞതിനൊപ്പം താറാവിന്‍ മുട്ടയും വിരിഞ്ഞു. മീനച്ചിലാറിന്റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം.
ഭക്ഷണം കഴിക്കാന്‍ വരെ പിന്നിലായിരുന്ന താറാവിന്‍ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളര്‍ത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളര്‍ത്തി .

പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി,
കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങള്‍ ഓടിചെന്നു
പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി.
തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താന്‍ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതിനെകണ്ടാണ് തള്ളക്കോഴിയുടെ ബഹളം
ഇത് കണ്ട് കൂടനിന്ന കോഴിക്കുഞ്ഞില്‍ ഒരാള്‍ പറഞ്ഞു,
കണ്ടോ അവന്‍ ചാടിയതിന്റെ സങ്കടത്തില്‍ അമ്മ കരയുകാ…

ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു
എന്നിട്ടു പറഞ്ഞു, മക്കളെ അവന്‍ കയത്തില്‍ ചാടിയാല്‍ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മള്‍ക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവന്‍ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീര്‍നായും, നീര്‍ക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട് , അവര്‍ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാന്‍ ശ്രമിച്ചതാ…
എവിടെ കേള്‍ക്കാന്‍ ….ബാ നമ്മള്‍ക്ക് പോവാം കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി……

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button