മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; തെരുവു നായയെ അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു

തൊടുപുഴ: മിണ്ടാപ്രാണിക്ക് നേരെ വീണ്ടും കൊടുംക്രൂരത. തെരുവു നായയെ അടിച്ചു പരിക്കേല്‍പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തില്‍ കട്ടപ്പന കൈരളി ജംഗ്ഷന്‍ മാണ്ടിയില്‍ ഷാബുവിന് (51) എതിരെ പോലീസ് കേസെടുത്തു.

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാര്‍ഥ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിദ്ധാര്‍ഥ് അടക്കമുള്ള ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംഗ്ഷന്‍ മേഖലയില്‍ നായ ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ നല്‍കി. പരാതിക്കാരായ രണ്ട് യുവാക്കളെ നായയുടെ സംരക്ഷണം താത്കാലികമായി ഏല്‍പിച്ചതായി പോലീസ് അറിയിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News