കോട്ടയം: ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങി തങ്ങള്‍ക്ക് ജയിക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. എസ്.ഡി.പി.ഐയുടെ വോട്ട് സി.പി.എം തേടിയിട്ടില്ലന്നും, അവരുടെ പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്നലെ യു.ഡി.എഫ് ചെയര്‍പേഴ്‌സന്‍ സുഹറ അബ്ദുല്‍ ഖാദറിനെതിരെ എല്‍.ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ യു ഡി എഫ് ന്റെ ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് എസ് ഡി പി ഐ വോട്ട് വാങ്ങിയാണ് സി പി എം ഭരണം നേടിയതെന്ന വിവാദങ്ങള്‍ കത്തിക്കയറിയത്.
‘ഞങ്ങളുടെ നിലപാടില്‍ നിന്ന് ഒരിക്കലും മാറിയിട്ടില്ല. മൂന്ന് പ്രാവിശ്യം തെരഞ്ഞെടുത്തപ്പോഴും അവരുടെ വോട്ട് കൊണ്ട് ജയിക്കുകയാണെങ്കില്‍ ആ ജയം വേണ്ട എന്ന് പറഞ്ഞ് രാജിവെച്ച് പോയവരാണ് ഞങ്ങള്‍. അതിനാല്‍ ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല.
സ്വതന്ത്രന്‍മാരുള്‍പ്പെടെ യോജിച്ച് നിന്ന് പോകും. അല്ലാതെ, രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും തെറ്റായ സമീപനത്തിനും ഇടത് ജനാധിപത്യ മുന്നണി മുന്നോട്ട് വരില്ല. ഞങ്ങളുടെ പ്രഖ്യാപിത നയത്തില്‍ തന്നെയാകും ഭാവിയില്‍ അവിടെ മത്സര രംഗത്തുണ്ടാകുക’യെന്നും സംഭവത്തില്‍ വി എന്‍ വാസവന്‍ പ്രതികരിച്ചു.