ന്യൂഡൽഹി:സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കൾ ഒത്തുകളിച്ചെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരൻ.
ആർ.ബാലശങ്കർ ബിജെപിക്കോ ആർഎസ്എസിനോ എതിരായിട്ടുള്ള ആളല്ലെന്നും എന്നാൽ മത്സരിക്കാൻ ഉദ്ദേശിച്ച ഒരാൾക്ക് സീറ്റ് കിട്ടാതിരിക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ടാകും. അതിലുള്ള ഒരു വൈകാരിക അഭിപ്രായപ്രകടനമായി കണ്ടാൽ മതി. അദ്ദേഹം കരുതികൂട്ടി പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
ബിജെപി-സിപിഎം ധാരണയ്ക്ക് കെ.സുരേന്ദ്രനും വി.മുരളീധരനും ഒത്തുകളിക്കുന്നുവെന്ന് ബാലശങ്കർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനായി സിപിഎമ്മും കോൺഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവർ ദുഷ്പ്രചരണങ്ങൾ നടത്തുന്നുണ്ട്. മാധ്യമപ്രവർത്തകരേയും അവർ ഇതിനായി കരുവാക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ബാലശങ്കറിന്റേത് വൈകാരിക പ്രകടനമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും ഭാഗത്ത് നിന്ന് വരുമ്പോൾ അത് വിശ്വസിച്ച് സ്വയംപ്രകോപിതരാകരുത് എന്നാണ് ബിജെപി നേതാക്കളോട് പറയാനുള്ളതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.