കൊച്ചി : തൃശൂരിൽ നടക്കുന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ജയിലിലായ വി.എം.രാധാകൃഷ്ണനെ അനുകൂലിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ രംഗത്തെത്തിയത് വിവാദമായിരുന്നു. അതേ വേദിയിൽ തന്നെ സ്ഥലത്തുണ്ടായിരുന്ന വനിതാ മാധ്യമ പ്രവർത്തകർ മന്ത്രിയെ തടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വി.മുരളീധരൻ രംഗത്തെത്തിയത്
കേന്ദ്ര മന്ത്രിയുടെ കുറിപ്പിെന്റെ പൂർണ രൂപം ഇങ്ങനെ:
തൃശ്ശൂരിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ മാധ്യമ പ്രവർത്തകരുടെ നിഷ്പക്ഷതയെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ ചില കേന്ദ്രങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ ഒരു പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയതുമായി ബന്ധപ്പെട്ടുള്ള വാർത്തയാണ് ഞാൻ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതേ സ്ഥലത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതികളായി വന്ന പീഡനകേസുകളിൽ ഇല്ലാത്ത വ്യഗ്രത ഈ വിഷയത്തിൽ എന്തുകൊണ്ടാണ്? അത് ഒരു വസ്തുനിഷ്ഠമായ സമീപനമാണോയെന്ന ചോദ്യമാണ് ഞാൻ ഉയർത്തിയത്. വ്യക്തികളെ കണ്ടു കൊണ്ട് മാധ്യമ പ്രവർത്തകർ നിലപാടെടുക്കുമ്പോൾ, അവരുടെ നിലപാടുകളുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടും. എന്റെ ഈ പരാമർശം സമ്മേളനത്തിനുണ്ടായിരുന്ന ചില വനിതാ മാധ്യമ പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ വിയോജിപ്പ് എന്നെയറിയിച്ചു. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിച്ചുകൊണ്ട് ഞാൻ എന്റെ നിലപാട് ആവർത്തിച്ചു. പറഞ്ഞതൊന്നും പിൻവലിച്ചുമില്ല. ഇന്ത്യയെന്ന രാജ്യത്ത് ഇന്ന് ഒരു കേന്ദ്ര മന്ത്രിയോട് വിയോജനമറിയിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാരാണ് ഭരിക്കുന്നത് എന്ന ബോധ്യത്തിലാണ് ഞാൻ അവരെ കേട്ടത്. അത് ചില പ്രത്യേക താൽപര്യക്കാർ എന്നെ തടഞ്ഞതായും, ഞാൻ പ്രസ്താവന പിൻവലിച്ചതായും പ്രചരിപ്പിച്ചു, വാർത്തയാക്കി. പ്രതിഷേധിച്ചവരുടെയും കുപ്രചരണം നടത്തിയവരുടെയും മനശാസ്ത്രമോ താത്പര്യമോ എന്തുമാകട്ടെ , ഞാൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ പോലെ, അവരെ ഞാൻ പറയാൻ അനുവദിക്കാതിരിക്കുകയോ ആട്ടിയകറ്റുകയോ ചെയ്തതു മില്ല. ഏതായാലും, നേരിട്ട് കേൾക്കാത്തവർക്കായി, പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു.