നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല, പൗരത്വ ബില്ലിൽ പിണറായി വിജയൻ

തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച്‌ എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് ശരിയല്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ല. നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News