KeralaNews

സുധീരന്‍റെ പ്രസ്താവനക്ക് വില കൽപ്പിക്കുന്നില്ലെന്ന് കെ. സുധാകരന്‍, പറഞ്ഞത് തിരുത്തേണ്ടി വരുമെന്ന് സുധീരന്‍

തിരുവനന്തപുരം: കെ സുധാകരനും വി എം സുധീരനും നേര്‍ക്ക് നേര്‍. സുധീരന്‍റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സുധീരന്‍റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല.

സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ പറഞ്ഞു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരൻ പ്രതികരിച്ചത്. സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയുമായി വി എം സുധീരനും രംഗത്തെത്തി.

സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു.വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ്‌ നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നു. കഴിവ് നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തിയത്. അതിൽ ഞാൻ ദുഃഖിതനായിരുന്നു.

സുധാകരനും സതീശനും വന്നപ്പോൾ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ അതിന് അർഹനാണോ അല്ലയോ എന്ന് ചർച്ച ചെയ്യണം എന്ന് പറഞ്ഞു. ഡി സി സി പ്രസിഡന്‍റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട്‌ പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാൽ ഹൈകാമാൻഡിനു കത്തെഴുതി. പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷെ 2 വർഷമായി ഒന്നും പരിഹരിച്ചില്ല.

രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ്‌ ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ഡി സി സി പരിപാടികളിൽ പങ്കെടുത്തു. കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളിൽ പങ്കെടുത്തില്ല. പക്ഷെ മറ്റ് പാർട്ടി പരിപാടികളിൽ പങ്കെടുത്തു. സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും.

സുധാകരൻ ഔചിത്യ രാഹിത്യം കാണിച്ചു. തന്‍റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ പി സി സി യോഗത്തിലായിരുന്നു. പാർട്ടി യോഗത്തിൽ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്‍റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button