തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി എം സുധീരന്‍. ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡൻ്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു.
ഡിസിസി അധ്യക്ഷ നിയമന ചര്‍ച്ചയിയില്‍ പ്രതിഷേധം ഉയര്‍ത്തിയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും നേരത്തെ ഹൈക്കമാണ്ട് തള്ളിയിരുന്നു.പുനഃസംഘടനയില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കലാപം അനുവദിക്കില്ലെന്ന സൂചനയാണ് ഹൈക്കമാന്റ് നല്‍കുന്നത്.
ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടിക നല്‍കുമ്പോള്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും താരിഖ് അന്‍വറിനോട് പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ക്കായി വിളിച്ച കെ.സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയതായാണ് വിവരം. ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചു.
എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തിരുമാനത്തിലാണ് ഹൈക്കമാന്റ്. ചര്‍ച്ചക്ക് നേതൃത്വം നല്‍കേണ്ടത് പിസിസി അധ്യക്ഷന്റേയും നിയമസഭാ കക്ഷി നേതാവിന്റേയും ചുമതലയാണ്. കൂടുതല്‍ പേരെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി മുന്‍കാല കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടകാര്യമില്ല. ഇരുവരേയും ഉത്തരവാദിത്വങ്ങള്‍ നടത്താന്‍ അനുവദിക്കണം. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. ഇതോടെ ഡല്‍ഹി കേന്ദ്രീകരിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതയാണ് മങ്ങിയത്.
കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്ക പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചിരുന്നു.പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
എറണാകുളം ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കള്‍ അന്തിമ ഘട്ട ചര്‍ച്ച നടത്തും. സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.
ഡി.സി.സി. ഭാരവാഹിപ്പട്ടികയില്‍ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും, മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.എ.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും കേരളത്തില്‍ നിന്നുള്ള പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് രാവിലെ 7.30ക്കാണ് കെ.സുധാകരന്‍ മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച് തങ്ങള്‍ പട്ടിക സമര്‍പ്പിക്കയാണെന്നും ഏതെങ്കിലും പേരുകള്‍ നിര്‍ദേശിക്കാനുണ്ടോ എന്ന് ചോദിച്ചത്. പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്.
മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു, പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് വിളിച്ചാണ് നിര്‍ദേശങ്ങള്‍ ചോദിക്കേണ്ടത്. മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ല. കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ. സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിട്ടുണ്ട്.തന്നെ സുധാകരന് അപമാനിച്ചുവെന്നാണ് എ.കെ. ആന്റണി, താരിഖ് അന്‍വര്‍ ഉലപ്പെടയുള്ള മുതിര്‍ന്ന നേതാക്കളോടും മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്.