തിരുവനന്തപുരം : കോണ്‍ഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ. മദ്യപിക്കുന്നവർക്കും ഖാദി സ്ഥിരമായി ധരിക്കാത്തവർക്കും അംഗത്വം നൽകില്ലെന്ന മുൻതീരുമാനം മാറ്റിയതിനെതിരെ സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
മദ്യമല്ലാതെ മറ്റ് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം. കോൺഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺഗ്രസ് പാർട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഭേദഗതി പ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത് എന്നാക്കുമെന്നാണ് തീരുമാനം.
കോൺഗ്രസ് അംഗങ്ങൾ പാലിക്കേണ്ട ഒമ്പത് പ്രതിജ്ഞകളിൽ മാറ്റം വരുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന മേധാവികളുടെയും യോഗത്തിൽ എത്ര പേർ മദ്യപിക്കുന്നുവെന്ന് രാഹുൽ ചോദിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ വലിയ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നിരുന്നു.