തിരുവനന്തപുരം: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തില്‍ പോലീസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടിയെ കണ്ടെത്താന്‍ പോലീസ് കാര്യമായി പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വരുമ്പോള്‍ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കിയെന്നും സതീശന്‍ ആരാഞ്ഞു.
മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമികമായ വിവരം വെച്ച് പോലീസ് പറയുന്നു. മയക്കുമരുന്നും മദ്യവും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആലുവയില്‍ കുട്ടിയെ കണ്ടെത്തുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതുകൊണ്ട് അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശിച്ചു.
ബിഹാര്‍ സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുകാരിയായ മകളെ വെള്ളിയാഴ്ച വൈകിട്ടാണ് കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയ
അഷ്ഫാഖ് ആലത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക സൂചന.
ആലുവയിൽ അഞ്ചു വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ആലുവ എം.എല്‍.എ. അൻവർ സാദത്ത്. 21 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ ഭാഗത്ത്നിന്നും നിരന്തരമായ വീഴ്ചകളാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ ദിനംപ്രതി ഉണ്ടാകുന്നതെന്ന് അൻവർ സാദത്ത് വിമര്‍ശിച്ചു. ‘മകളേ മാപ്പ്’ എന്നാണ് പോലീസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘മകളേ മാപ്പ്’ എന്ന് പറഞ്ഞ് തലയൂരാൻ പോലീസിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലുവ മാര്‍ക്കറ്റിന് സമീപം ഇത്തരം മദ്യപാനം നടക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആലുവ ടൗണിൽ പോലീസ് കൃത്യമായ പെട്രോളിങ് നടത്തിയിരുന്നെങ്കിൽ ആക്ഷേപം ഉണ്ടാകില്ലായിരുന്നു. ഇത്തരത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ പെട്രോളിങ് ശക്തമാക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നതായും അൻവർ സാദത്ത് കൂട്ടിച്ചേർത്തു.
‘ആലുവ മാര്‍ക്കറ്റിന്റെ വിളിപ്പാടകലെയാണ് ആലുവ എസ്.പി. ഓഫീസ്. കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ച ഉടനെ പോലീസ് ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയെ വിഷയം അറിയിച്ചിരുന്നു. ഇത്തരം റാക്കറ്റ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. വിഷയത്തിൽ സ്പെഷ്യൽ ടീമിനെ വച്ച് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു’, അൻവർ സാദത്ത് പറഞ്ഞു.
ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. സമര്‍ഥമായ രീതിയില്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ പോലീസുമായി സംസാരിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു. കുട്ടിയെ കാണാതായതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത് ഏഴ് മണി (വെള്ളിയാഴ്ച രാത്രി) യോടെയാണ്. 9.30-ഓടെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു. എന്നാല്‍ അപ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അഞ്ച് വയസുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടിട്ടുള്ളത്. ഈ രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി കഴിഞ്ഞു. വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്’, മന്ത്രി പറഞ്ഞു.