തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഎമ്മിനെതിരെയും നേതാക്കളായ ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ക്കെതിരെയും വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പന്‍ പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞതുപോലെ വീഴുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടില്‍ നിന്ന് പുറപ്പെട്ടു.
രണ്ട് സ്റ്റീല്‍ ബോംബാണെറിഞ്ഞത്. കോണ്‍ഗ്രസുകാരാണെറിഞ്ഞത്. അപ്പോള്‍ മുകളിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. വായിച്ചുകൊണ്ടിരിക്കുമ്പോ വീഴാന്‍ പോയെന്നാണ് പറഞ്ഞത്. ഇടിമുഴക്കത്തിനേക്കാള്‍ വലിയ ശബ്ദമാണെന്നും പറഞ്ഞു”- വിഡി സതീശന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്രയിലായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം. എകെജി സെന്റര്‍ ആക്രമണ സമയത്ത് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനും പി കെ ശ്രീമതിയുമായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവരാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിയതും മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചതും.
ഇക്കാര്യം സൂചിപ്പിച്ചാണ് സതീശന്റെ പരാമര്‍ശം. നേരത്തെ നിയമസഭയില്‍ വടകര എംഎല്‍എ കെ കെ രമയെ സിപിഎം നേതാവ് എംഎം മണി മഹതി എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. സ്പീക്കറുടെ റൂളിങ്ങിനെ തുടര്‍ന്ന് എംഎം മണി പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു. എംഎം മണിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം സമരം നടത്തിയിരുന്നു.
എകെജി സെന്റര്‍ ആക്രമണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല എന്നത് സര്‍ക്കാറിനും സിപിഎമ്മിനും തലവേദനയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവം നടന്നതിന്റെ തൊട്ടുപിന്നാലെ സിപിഎം ആരോപിച്ചിരുന്നു.