കൊച്ചി: കേരളം അഭിമാനമാണ് എന്നാൽ കേരളീയം എന്ന പേരിൽ നടക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടികളുടെ കടക്കെണിയില്‍ നിൽക്കുമ്പോഴാണ് ധൂർത്ത്. കോടികൾ ചെലവഴിച്ചാണ് പരിപാടി നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ മുടങ്ങി. സപ്ലൈകോയും കെഎസ്ആർടിസിയും പ്രതിസന്ധിയിലാണ്.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. കിറ്റ് കൊടുത്തതിന്റെ പണം നൽകാനുണ്ട്. വൈദ്യുതി ബോർഡിൽ അഴിമതിയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലാഭത്തിലാക്കിയ ബോർഡ് ഇപ്പോൾ നഷ്ടത്തിലാണ്. അന്നത്തെ കരാർ റദ്ദാക്കി ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് നാൽപ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലൈഫ് മിഷൻ 700 കോടി രൂപയുടെ പദ്ധതിയാണ് എന്നാൽ ഈ വർഷം ആകെ നൽകിയത് 17 കോടി രൂപ മാത്രമാണ്. ഒൻപത് ലക്ഷം പേർ വീട് കാത്തിരിക്കുന്നു. കരുവന്നൂർ, കണ്ടല ബാങ്കുകൾ തകർന്നു. പൊലീസ് വാഹനങ്ങൾ ഓടുന്നില്ല. ഡീസൽ അടിച്ചതിന്റെ തുക നൽകിയിട്ടില്ല. ഭയാനകമായ ധന പ്രതിസന്ധിയുള്ളപ്പോൾ ആണ് 27 കോടി ചെലവഴിച്ച് കേരളീയം നടത്തുന്നത്. ഇതാണോ പ്രയോരിറ്റി എന്നും വി ഡി സതീശൻ ചോദിച്ചു.
തിരുവനന്തപുരം നഗരം മുഴുവൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോർഡ് വെച്ച് പരിപാടി നടത്തുന്നു. മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങൾക്കൊപ്പം ആകുന്നത്. 40 വാഹനങ്ങളും 1000 പോലീസുകാരെയും ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അഴിമതിക്കടക്കം പുറത്ത് വന്നിട്ടും മറുപടി ഇല്ല.
കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രിക്ക് അഴിമതിയുടെ പൊൻതൂവൽ അണിയിക്കണം. ലാവ് ലിൻ കേസ് വീണ്ടും മാറ്റി വെച്ചു. സിപിഎമ്മും സംഘപരിവാരും തമ്മിൽ അന്തർധാരണയാണ്. കേന്ദ്ര വിഹിതം നൽകണം എന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞതാണ്. പക്ഷേ കേരളത്തിന് പ്രത്യേകം ചില വിഹിതങ്ങൾ കിട്ടിയിട്ടുണ്ട്. ഇതിന് മുൻപ് ഒരു സർക്കാരിനും ഈ തുക ലഭിച്ചിട്ടില്ല. സംസ്ഥാനം കൃത്യമായി നികുതി പിരിക്കുന്നില്ല. ഒരു പരിശോധനയും ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.