KeralaNews

പിണറായി വിജയന്റെ കാല് പിടിച്ച് മഞ്ചേശ്വരത്ത് ജയിക്കാന്‍ ശ്രമിച്ചയാൾ പിണറായി വിജയനെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കേണ്ട ? സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ

കൊച്ചി:ബി.ജെ.പിക്കാര്‍ക്ക് പോലും വിശ്വാസമില്ലാത്ത നേതാവാണ് സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നു ഭയന്ന് സുരേന്ദ്രന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉറക്കം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അതുമിതും പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുവരെ സ്വര്‍ണക്കടത്തു കേസില്‍ ദിവസവും മുന്നു തവണ പത്രസമ്മേളനം നടത്തിയിരുന്ന സുരേന്ദ്രന്‍ ഒരു സുപ്രഭാതത്തില്‍ അത് നിര്‍ത്തി മഞ്ചേശ്വരത്ത് ജയിക്കാനായി സി.പി.എമ്മിന്റെ കാല്‍ക്കല്‍ വീണു.

പിണറായി വജയന്റെ കാല് പിടിച്ച് മഞ്ചേശ്വരത്ത് ജയിക്കാന്‍ ശ്രമം നടത്തിയ ആള്‍ പിണറായി വിജയനെ എങ്ങനെ നേരിടണമെന്ന് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം സുരേന്ദ്രന്റെ കൈയ്യില്‍ നിന്നും പഠിക്കേണ്ട ആവശ്യവുമില്ല. ക്രിയാത്മകവും സര്‍ഗാത്മകവുമായ പ്രതിപക്ഷമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളെ വഴി തെറ്റിക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ട. സുരേന്ദ്രനെ പോലുള്ള ഒരാളുടെ കൈയ്യില്‍ നിന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കുഴല്‍പ്പണക്കേസില്‍ ഭയപ്പെട്ടിരിക്കുന്ന സുരേന്ദ്രന്‍ അത് എങ്ങനെയെങ്കിലും ഒത്തുതീര്‍ക്കാന്‍ സി.പി.എമ്മുമായി സന്ധി സംഭാഷണം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ കനിവിനു വേണ്ടി കാത്തു നില്‍ക്കുന്നതിനാലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാകാന്‍ തയാറാകാത്തത്. അങ്ങനെയുള്ള ആളാണ് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്.

സി.പി.എമ്മിനെയും കേന്ദ്ര സര്‍ക്കാരിനെയും ക്രിയാത്മകയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് എതിര്‍ക്കുന്നത്. മുട്ടില്‍ മരംമുറി, കോവിഡ് മരണത്തിലെ പൊരുത്തക്കേട്, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്ങ്ങള്‍ എന്നിവയില്‍ പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.

കേന്ദ്ര സഹകരണമന്ത്രാലയം, കിറ്റെക്‌സ് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ച് ഇന്നലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. എന്തിനാണ് സതീശന് പ്രതിപക്ഷ നേതാവിന്റെ കസേര കൊടുത്തിരിക്കുന്നതെന്നും പിണറായി മന്ത്രിസഭയിലെ 22-ാമത്തെ മന്ത്രിയായി സതീശനെ എടുക്കണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സഹകരണമന്ത്രാലയ വിഷയത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ കൂടി വന്നാല്‍ ഒരു പ്രമേയം പാസാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ പറഞ്ഞു: ”എന്റെ അഭിപ്രായത്തില്‍ ആ വിഡി സതീശനെയും കൂടി മന്ത്രിയാക്കിയാല്‍ മതി. എന്തിനാണ് അയാള്‍ക്ക് ആ പ്രതിപക്ഷ നേതാവിന്റെ കസേര കൊടുത്തിരിക്കുന്നത്. ഏതെങ്കിലുമൊരു ഇല്ലാത്ത വകുപ്പ് ഉണ്ടാക്കി കൊടുക്ക്. സതീശനെയും മന്ത്രിസഭയില്‍ എടുക്കണം. കാരണം കിറ്റെക്‌സ് പോയപ്പോള്‍ അതിന് പിന്തുണ, പിണറായി വിജയന് അനുകൂലം. സഹകരണ കാര്യത്തിലും പിന്തുണ. കോണ്‍ഗ്രസിന്റെ കൈയിലുള്ള സകല ജില്ലാ ബാങ്കുകളും പിടിച്ചെടുത്ത് ഇവര്‍ കേരള ബാങ്കുണ്ടാക്കി.

എന്നിട്ടും ഉളുപ്പില്ലാതെ സതീശന്‍ സഹകരണ വിഷയത്തില്‍ സിപിഐഎമ്മിനെ പിന്തുണയ്ക്കുകയാണ്. ഒരു ലജ്ജയുമില്ലാതെ സതീശന്‍ പുതിയ പ്രമേയമുണ്ടാക്കാന്‍ പോവുകയാണ്. കിറ്റെക്‌സിനെ ഓടിച്ചതിലും പിണറായി വിജയന് പിന്തുണ. എന്നിട്ടും എന്തിനാണ് പ്രതിപക്ഷ നേതാവായിട്ട് ഇരിക്കുന്നത്. 22-ാമത്തെ മന്ത്രിയായി സതീശനെ എടുത്താല്‍ കേരളത്തിലെ എല്ലാം പ്രശ്‌നങ്ങളും തീരും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button