തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതലപോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന് പുറമെ അനിലിനെതിരെ കടുത്ത വിമര്‍ശനവുമായി മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. തീരുമാനം അപക്വവും അബദ്ധവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയെ അറിയാവുന്ന ഒരാളും ആ പാര്‍ട്ടിയില്‍ ചേരില്ല. വ്യക്തിയെന്ന നിലയില്‍ അനിലിന്റെ തീരുമാനം ഒരിക്കലും ആന്റണിയെ ബാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തിയത് സാധാരണ പ്രവര്‍ത്തകന്റെ ചോരയും നീരുമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അനിലിന്റെ തീരുമാനം ഒരു തരത്തിലും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.