വി.ഡി. സതീശന്റെ പത്രിക സ്വീകരിച്ചു, എതിർപ്പുകൾ തള്ളി

പറവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. എതിർ സ്ഥാനാർത്ഥിയായ ടൈസന്റെ പ്രതിനിധി അയ്യൂബ് ഖാൻ ഉന്നയിച്ച സാങ്കേതിക തടസ്സവാദങ്ങൾ തള്ളിക്കൊണ്ടാണ് പത്രിക അംഗീകരിച്ചത്. സതീശൻ തന്റെ ആസ്തിവിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്തിയില്ലെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉപയോഗിച്ച ഔദ്യോഗിക വാഹനത്തിന്റെ ട്രാഫിക് നിയമലംഘന പിഴ ഒടുക്കിയില്ലെന്നും ആരോപിച്ചാണ് എതിർപക്ഷം പരാതി നൽകിയിരുന്നത്.

ഇതിന് തെളിവായി വെബ്‌സൈറ്റിൽ നിന്നുള്ള രസീതുകളും അവർ ഹാജരാക്കിയിരുന്നു. എന്നാൽ, കോൺഗ്രസിന്റെ വാദങ്ങൾ കൂടി കേട്ട വരണാധികാരി, ഇരുവിഭാഗത്തോടും രേഖാമൂലം വിശദീകരണം നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് ഈ വാദപ്രതിവാദങ്ങൾ പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്.

വി.ഡി. സതീശന് വെല്ലുവിളിയായി മണ്ഡലത്തിൽ അപരസ്ഥാനാർത്ഥിയുടെ സാന്നിധ്യവും ഉറപ്പായിട്ടുണ്ട്. കൈതാരം സ്വദേശിയായ കെ.ബി. സതീശന്റെ പത്രികയും വരണാധികാരി സ്വീകരിച്ചു. കെ.ബി. സതീശൻ പോക്‌സോ കേസ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയിരുന്നെങ്കിലും, കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചിട്ടില്ലെന്ന പ്രതിനിധിയുടെ വാദം വരണാധികാരി അംഗീകരിക്കുകയായിരുന്നു. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും കെ.ബി. സതീശൻ മത്സരരംഗത്ത് തുടരുകയാണെങ്കിൽ, അത് വി.ഡി. സതീശന് അപര ഭീഷണി ഉയർത്തും.

The nomination paper of Opposition Leader V.D. Satheesan for the Paravur Assembly constituency has been accepted by the returning officer. Technical objections raised by the representative of rival candidate Tyson, alleging non-disclosure of assets and unpaid traffic fines for official vehicles, were rejected.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News