കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മൊണാലിസ, പ്രശസ്ത സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തി. സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നുമാണ് മൊണാലിസയുടെ വെളിപ്പെടുത്തൽ.
കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഭർത്താവ് ഫർമാൻ ഖാനൊപ്പമെത്തിയ അവർ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്.സിനിമയുടെ ചിത്രീകരണ വേളയിൽ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ആദ്യത്തെ സിനിമയായതിനാൽ അവർ അത് ഗൗരവമായി എടുത്തില്ലെന്ന് മൊണാലിസ പറഞ്ഞു. അതുകൊണ്ടുതന്നെ അന്ന് ഇക്കാര്യം ആരെയും അറിയിക്കാൻ സാധിച്ചില്ല. എന്നാൽ ഇപ്പോൾ നീതി തേടി സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ പരാതി നൽകുന്നതിനായി അഭിഭാഷകരുമായി ചർച്ച നടത്തിവരികയാണ്.മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കേരളത്തിൽ വെച്ച് നടന്നത്. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഇരുവരും കേരളത്തിൽ തന്നെ താമസിച്ചു വരികയായിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും നാട്ടിലേക്ക് തിരികെ പോകുന്നത് വലിയ വെല്ലുവിളിയാണെന്നും കഴിഞ്ഞ ദിവസം ഇവർ വെളിപ്പെടുത്തിയിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങളും വ്യക്തിപരമായ ഭീഷണികളും തന്നെ മാനസികമായി തളർത്തുന്നുണ്ടെന്നും മൊണാലിസ കൂട്ടിച്ചേർത്തു.സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിമരുന്നിടുന്നതാണ് മൊണാലിസയുടെ ഈ വെളിപ്പെടുത്തൽ. ആരോപണവിധേയനായ സംവിധായകൻ സനോജ് മിശ്ര ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ എന്ത് നടപടിയുണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിൽ കൊച്ചിയിൽ സുരക്ഷിതരായി കഴിയുന്ന ദമ്പതികൾക്ക് പിന്തുണയുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Monalisa, the girl who went viral after the Kumbh Mela, has raised serious allegations against director Sanoj Mishra. At a press conference in Kochi, she broke down while accusing the director of sexual harassment on a film set. Accompanied by her husband Farman Khan, she revealed that her family initially ignored her complaints as it was her debut film. The couple, currently staying in Kerala, also expressed concerns for their lives and are planning to seek legal action against the director.


