ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വീണ്ടും മലയിടിഞ്ഞതായി സൂചനകള്‍ പുറത്തുവന്നതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി ആളുകളെ ഒഴിപ്പിക്കുന്നു. ചമോലി ജില്ലയില്‍ വീണ്ടും പ്രളയഭീതിയില്‍ തപോവന്‍, തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം പ്രതിരോധ സേനകള്‍ നിര്‍ത്തിവച്ചു.
സൈറണ്‍ മുഴക്കി ഋഷിഗംഗയ്ക്ക് തീരത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സൈന്യം മാറ്റുകയാണ്. ചമോലിയില്‍ മിന്നല്‍ പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായി റിപ്പോര്‍ട്ട് വന്നത്.
എന്‍ടിപിസിയുടെ തപോവന്‍ വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ 35 പേരെങ്കിലും അകപ്പെട്ട് കിടക്കുന്നതായാണ് സൂചന. മൂന്ന് ദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ ദുരന്തത്തില്‍ മരണം 34 ആയി. 172 പേരെയെങ്കിലും ഇനി കണ്ടെത്താനുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകള്‍.