News

രണ്ടില്‍ കൂടുതലല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും ഇല്ല; നിയമ നിര്‍മാണത്തിനൊരുങ്ങി യു.പി

ലക്‌നൗ: ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങി ഉത്തര്‍പ്രദേശ്. ജനസംഖ്യാ നിയന്ത്രണത്തിനായുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്ന വ്യക്തികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോ, സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യമോ ലഭിക്കില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിക്കാനോ, പ്രാദേശിക തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ സാധിക്കില്ലെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.

യു.പി ജനസംഖ്യ ബില്‍ 2021ല്‍ പൊതുജനങ്ങളുടെ അഭിപ്രായം സ്റ്റേറ്റ് ലോ കമ്മിഷന്‍ തേടിയിട്ടുണ്ട്. ജൂലൈ 19 വരെയാണ് അഭിപ്രായമറിയിക്കുന്നതിനുളള സമയപരിധി. സംസ്ഥാനത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പുതിയ നിയമമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ വരും തിരഞ്ഞെടുപ്പില്‍ ഈ നിയമം പൊതുജനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവരെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്നുളള ആനുകൂല്യം ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ജോലികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ജോലിയുളളവരാണെങ്കില്‍ പ്രമോഷന്‍ ലഭിക്കില്ല. കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ അത് നാല്അംഗങ്ങള്‍ക്കായി ചുരുക്കും. സര്‍ക്കാരിന്റെ ഏതെങ്കിലും സബ്സിഡി അവര്‍ക്ക് ലഭിക്കാനും യോഗ്യരായിരിക്കില്ല.

ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കഴിയുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. രണ്ടുകുട്ടികള്‍ നയം പ്രോല്‍സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. മിതമായ പലിശനിരക്കില്‍ വീട് വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ ഉളള സോഫ്റ്റ് ലോണ്‍, വെളളം, വൈദ്യുതി, വീട്ടുനികുതി എന്നിവയില്‍ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button