തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിമന്‍ ജസ്റ്റിസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎ ഉഷാകുമാരി രംഗത്ത്. ടീച്ചര്‍ പറഞ്ഞത് തീര്‍ത്തും സ്ത്രീവിരുദ്ധമായ കാര്യമാണെന്ന് ഉഷാകുമാരി പറഞ്ഞു.
‘പരാതി പറയാന്‍ സ്ത്രീകള്‍ എന്തിനാ വര്‍ഷങ്ങളോളം കാത്തിരിക്കുന്നത് എന്ന കെ. കെ ശൈലജയുടെ ചോദ്യം അതിജീവിതരോടുള്ള അവഹേളനമാണ്. നിരവധി ട്രോമകളിലൂടെ കടന്നുപോകുന്ന പെണ്‍ജീവിതാവസ്ഥകളെ വിലകുറച്ചു കാണിക്കുന്ന വര്‍ത്തമാനങ്ങളാണ് ഉത്തരവാദപ്പെട്ട ഒരാളില്‍നിന്നുണ്ടായിരിക്കുന്നത്.
ഇരയാക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന സാമൂഹിക സമ്മര്‍ദ്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും മനസ്സിലാക്കാതെയുള്ള ഇത്തരം വര്‍ത്തമാനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. പ്രിവിലേജുകളുടെ സ്ത്രീവിരുദ്ധ പൊതുബോധത്തില്‍ നിന്നുളവാകുന്ന വിമര്‍ശനങ്ങള്‍ അതിജീവിതര്‍ക്കെതിരില്‍ ഉന്നയിക്കുന്നത് വിപരീതഫലം ചെയ്യും’, അവര്‍ ചൂണ്ടിക്കാട്ടി.
‘പീഡനങ്ങള്‍ തുറന്നു പറയുന്നവരുടെ ആത്മ വിശ്വാസത്തെ തകര്‍ക്കുകയും പരാതി കൊടുക്കുന്നവരെ പിന്‍തിരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രതിലോമ വര്‍ത്തമാനങ്ങള്‍ക്കു പകരം അതിക്രമകാരികള്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന സംവിധാനങ്ങളെ ശക്തമാക്കുകയാണ് ഭരണത്തില്‍ സ്വാധീനംചെലുത്തുന്നവര്‍ ചെയ്യേണ്ടത്. നീതിപൂര്‍വകമല്ലാത്ത സംസാരം വനിതാ ശിശുക്ഷേമ വകുപ്പ് നിയന്ത്രിച്ച ഒരു മുന്‍ മന്ത്രിയില്‍ നിന്ന് ഉണ്ടായത് ഗൗരവതരമാണ്’, ഉഷാകുമാരി വ്യക്തമാക്കി.