പാലക്കാട്: പാന്മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. രാത്രി സര്‍വീസ് നടത്തുന്ന ബസുകളിലെ ഒമ്പത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന.
കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലത്തൂരിനും പാലക്കാടിനും ഇടയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഡ്രൈവര്‍ പറയുന്നു.
എന്നാല്‍, ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഉറക്കം വരാന്‍ സാധ്യതയുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഓര്‍മിപ്പിച്ചു. അടിവസ്ത്രത്തിലും ബാഗിലും ബസിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.വരും ദിവസങ്ങളിലും പരിശോധന തുടരാന്‍ സാധ്യതയുണ്ട്.