വലന്റൈന്‍സ് ഡേ പാര്‍ട്ടി മറവില്‍ ഒഴുകിയെത്തിയത് ലക്ഷങ്ങളുടെ ന്യൂജന്‍ മയക്കുമരുന്ന്

കോഴിക്കോട്: വലന്റെന്‍സ് ഡേ കഴിഞ്ഞു. പക്ഷേ, മയക്കുമരുന്നു മാഫിയ ഈ ആഘോഷങ്ങളുടെ മറവില്‍ എത്തിച്ചതു ലക്ഷണങ്ങളുടെ മയക്കുമരുന്ന്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ യുവാക്കളാണെന്ന വിലയിരുത്തലുകള്‍ ശരിയാകും വിധത്തിലാണ് ലഹരിപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചത് നടന്നതെന്ന് എക്സൈസ് പറയുന്നു.

സമീപകാലത്തെ തന്നെ ഏറ്റവും വലിയ വേട്ടയാണ് ഇന്നലെ കോഴിക്കോട്ടു നടന്നത്. പിടിയിലായതാകട്ടെ യുവാവും. വലന്റെന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പനയ്‌ക്കെത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ 13.03 മില്ലിഗ്രാം എംഡിഎംഎയും 25 എല്‍എസ്ഡി സ്റ്റാമ്പുകളുമായി താമരശേരി രാരോത്ത് അമ്പായത്തോട് മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷന്‍ ജേക്കബ് ഉമ്മന്‍(35) മാങ്കാവില്‍ അറസ്റ്റിലായത്. ഫറോക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ സതീശനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ബംഗളൂരുവില്‍നിന്ന് വില്‍പ്പനക്കെത്തിക്കുന്ന മയക്കുമരുന്നുകള്‍ താമരശേരി, കുന്നമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളില്‍ വില്‍പന നടത്താന്‍ കൊണ്ടുവന്നതാണെന്നു പ്രതി മൊഴിനല്‍കി. പലേടത്തും ഇതിനകം മയക്കുമരുന്നുകള്‍ എത്തിച്ചു കഴിഞ്ഞതായും വിവിധ ഹോട്ടലുകളില്‍ പ്രണയദിന മറവില്‍ പാര്‍ട്ടികള്‍ അരങ്ങേറിയതായും ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു.

കൊച്ചിയില്‍ ഇന്നലെ രാത്രി ഹോട്ടലില്‍ നടന്ന റെയ്ഡില്‍എംഡിഎംഎയുമായി എട്ടു പേര്‍ പിടിയിലായി. ഹോട്ടലില്‍ മുറിയെടുത്ത ശേഷം മയക്കുമരുന്നു വില്ക്കുകയായിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. 60 ഗ്രാം എംഡിഎംഎയാണ് ഇവിടെനിന്നു പിടിച്ചെടുത്തത്. ലഹരി മരുന്ന് വില്‍ക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും ആണ് പിടിയിലായത്. സംഘത്തില്‍ ഒരു യുവതിയുമുണ്ട്. ആലുവ സ്വദേശി റെച്ചു റഹ്‌മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂര്‍ സ്വദേശി ബിബീഷ്, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ4, കൊല്ലം സ്വദേശി തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മിന്നല്‍ പരിശോധന നടത്തിയത്. നൈജീരിയന്‍ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികള്‍ക്ക് എ0ഡിഎ0എ ലഭിച്ചത് ബെംഗളൂരുവില്‍ നിന്ന് എന്നാണ് മൊഴി. പ്രതികള്‍ നേരത്തെ ഗള്‍ഫില്‍ ലഹരി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ഗള്‍ഫില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. പ്രതികള്‍ എം.ഡി.എം.എക്ക് പുറമെ കഞ്ചാവും ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇവരുടെ നീക്കം എക്സൈസ് പരിശോധിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ പരിശോധന നടത്തിയത്.ഹോട്ടലുകളിലെ മൂന്ന് മുറികളിലായാണ് ഇടപാടുകള്‍ നടന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News