മുംബൈ: മികച്ച സാമ്പത്തിക ഭദ്രതയും സ്ഥിരമായ ജോലിയും ഉണ്ടായിട്ടും യുഎസ് ടൂറിസ്റ്റ് വിസ നിരസിക്കപ്പെട്ടതിലുള്ള തങ്ങളുടെ നിരാശ പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി ഇന്ത്യൻ പ്രൊഫഷണലുകളും കുടുംബങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. പലപ്പോഴും കാര്യമായ വിശദീകരണങ്ങളൊന്നും നൽകാതെ തങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടതായാണ് പലരും അവകാശപ്പെടാറ്.
ഒരു അമേരിക്കൻ യൂട്യൂബറുമായുള്ള സംഭാഷണത്തിനിടെ, ഒരു ഇന്ത്യക്കാരൻ തൻ്റെ സുഹൃത്തിന് സംഭവിച്ച ഇത്തരമൊരു സംഭവം പങ്കുവെച്ചിരിക്കയാണ് ഇപ്പോൾ. യുഎസ് സന്ദർശിക്കുന്നതിന് മുൻപ് ആദ്യം ഇന്ത്യ ചുറ്റിക്കാണാൻ തൻ്റെ സുഹൃത്തിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു.
“ആദ്യം സ്വന്തം രാജ്യം കാണാൻ പറഞ്ഞു,” എന്ന് ഇൻസ്റ്റാഗ്രാം ഉപയോക്താവും വ്ലോഗറുമായ ജയ് പറയുന്നു. ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്ന് പറയുന്ന അമേരിക്കൻ യൂട്യൂബറുമായി ജയ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
ഒരിക്കൽ തന്റെ സുഹൃത്തിന്റെ യുഎസ് ടൂറിസ്റ്റ് വിസ നിരസിച്ച കാര്യം ഈസമയം ജയ് ഓർത്തെടുത്തു. ഡൽഹിയിലാണ് ജനിച്ചതെന്നും ഇന്ത്യയിൽ മറ്റൊരിടത്തും പോയിട്ടില്ലെന്നും പറഞ്ഞതിനെ തുടർന്ന്, ആദ്യം സ്വന്തം രാജ്യം ചുറ്റിക്കാണാനും അതിനുശേഷം യുഎസ് സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷിക്കാനും എംബസി ഉദ്യോഗസ്ഥൻ തന്റെ സുഹൃത്തിനെ ഉപദേശിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ഒട്ടേറെപേർ പ്രതികരണവുമായെത്തി. “സത്യം പറഞ്ഞാൽ, ഇന്ത്യയിൽ അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുണ്ട്, ഉത്തരാഖണ്ഡ്, ഹിമാചൽ, മലനിരകൾ, കേരളം, ലേ ലഡാക്ക്, ഉദയ്പുർ, ജയ്പുർ, ജയ്‌സൽമീർ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക’,എന്ന് ഒരാൾ പോസ്റ്റ് ചെയ്തു.
ഒരു വിസ ഓഫീസർക്ക് പറയാൻ പറ്റിയ വിചിത്രമായ കാര്യമായിരിക്കും അത് എന്ന് മറ്റൊരാൾ കുറിച്ചു. ‘ഇന്ത്യൻ ടൂറിസത്തിലേക്ക് വരുമാനം തിരിച്ചുവിട്ടു. യാത്രയ്ക്ക് പണം ആവശ്യമാണ്, വിദേശത്ത് നിന്നുള്ള പണം ഇവിടെ ചെലവഴിക്കുമ്പോൾ അത് മികച്ച വരുമാനമാണ്. ഇന്ത്യയെ വീണ്ടും മഹത്തരമാക്കാനുള്ള ആ ഉദ്യോഗസ്ഥന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു’ എന്നായിരുന്നു മറ്റൊരു പ്രതികരണം.


