ലോകകപ്പിലും അമേരിക്കൻ ഇടപെടൽ; ഫിഫ നിയമം കാറ്റിൽപ്പറത്തി അമേരിക്കൻ താരത്തിന്റെ റെഡ്കാർഡ് വെട്ടി, ഫോളാരിൻ ബലോഗൻ അടുത്ത കളിക്കിറങ്ങും

ട്രംപ് വിളിച്ചു; ഫിഫ നിയമം കാറ്റിൽപ്പറത്തി US താരത്തിന്റെ റെഡ്കാർഡ് വെട്ടി, അടുത്ത കളിക്കിറങ്ങും

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിൽ ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്‌ട്രൈക്കർ ഫോളാരിൻ ബലോഗന്റെ ഒരു മത്സരവിലക്ക് ഫിഫ നീക്കി. ഇതോടെ തിങ്കളാഴ്ച ബെൽജിയത്തിനെതിരേ പ്രീ-ക്വാർട്ടറിൽ താരത്തിന് കളത്തിലിറങ്ങാനാകും. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ട്രംപ് ഫോണിൽ വിളിച്ച് ബലോഗന്റെ റെഡ് കാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപ് മൂന്നുതവണയാണ് ഇൻഫാന്റിനോയെ വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഫിഫയുടെ തീരുമാനത്തെ ട്രംപ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ സ്വാഗതം ചെയ്തു.

ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ യു.എസ്.എ.യുടെ ടോപ് സ്‌കോററായ ബലോഗന് ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിലാണ് റെഡ് കാർഡ് ലഭിച്ചത്. ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്ക് ശേഷം ബലോഗനെ പുറത്താക്കുകയായിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ മത്സരം താരത്തിന് സ്വമേധയാ നഷ്ടമാകേണ്ടതാണ്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരം ഈ ശിക്ഷ താത്കാലികമായി മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ട്രെയിനിങ്ങിന് പോകുന്നതിനിടെയാണ് യു.എസ്. ടീം ഈ വാർത്തയറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് വലിയ സന്തോഷം തോന്നിയെന്നും യു.എസ്. താരം ക്രിസ്റ്റ്യൻ പുലിസിച്ച് പറഞ്ഞു. ഫിഫയുടെ തീരുമാനത്തെ യു.എസ്. പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോയും പിന്തുണച്ചു. ഫുട്‌ബോൾ ലോകത്തെ 99.9 ശതമാനം ആളുകളും ഇതൊരു അന്യായമായ ശിക്ഷയാണെന്നാണ് പറഞ്ഞതെന്നും, മുൻകാലങ്ങളിൽ ശിക്ഷ പിന്നീട് നടപ്പാക്കാൻ മാറ്റിവെച്ച ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ ബെൽജിയം വലിയ പ്രതിഷേധമറിയിച്ചു. ഫിഫയുടെ തീരുമാനം അദ്ഭുതപ്പെടുത്തിയെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ബെൽജിയം ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഫിഫയുടെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 66.4 പ്രകാരം ചുവപ്പുകാർഡ് കിട്ടുന്ന താരം അടുത്ത മത്സരം നിർബന്ധമായും മിസ് ചെയ്യണമെന്നാണ് നിയമമെന്നും അവർ ചൂണ്ടിക്കാട്ടി. ഫിഫ ഓഫീസിൽ ജൂലായ് അഞ്ചാണ് ഏപ്രിൽ ഫൂളെന്ന് തങ്ങൾക്കറിയില്ലായിരുന്നെന്ന് ബെൽജിയം പരിശീലകൻ റൂഡി ഗാർഷ്യ പരിഹസിച്ചു.

ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 189 റെഡ് കാർഡുകൾ പിറന്നിട്ടുണ്ടെങ്കിലും, പുറത്താക്കപ്പെട്ടിട്ടും തൊട്ടടുത്ത മത്സരത്തിൽ വിലക്ക് നേരിടാതെ കളിക്കാൻ അനുവാദം ലഭിക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് ബലോഗൻ. 1962-ൽ ബ്രസീലിന്റെ ഗാരിഞ്ചയ്ക്ക് ഇത്തരമൊരു ഇളവ് ലഭിച്ചിരുന്നെങ്കിലും അന്ന് ഇന്നത്തെപ്പോലെ ഓട്ടോമാറ്റിക് സസ്‌പെൻഷൻ നിയമങ്ങൾ ഇല്ലായിരുന്നു. ഈ ലോകകപ്പിൽ റെഡ് കാർഡ് കണ്ട മറ്റ് 11 കളിക്കാർക്കും കൃത്യമായി വിലക്ക് ഏർപ്പെടുത്തിയ ഫിഫ, അമേരിക്കൻ താരത്തിന് മാത്രം എന്ത് അടിസ്ഥാനത്തിലാണ് ഇളവ് നൽകിയതെന്ന ചോദ്യം ശക്തമാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള ഭരണാധികാരികൾ ഇതിൽ നേരത്തേ ഇടപെട്ടിരുന്നു. വൈറ്റ് ഹൗസിന്റെ സമ്മർദ്ദത്തിന് ഫിഫ വഴങ്ങിയത് കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News