37.2 C
Kottayam
Saturday, April 27, 2024

ഇന്ത്യ പ്രതിഷേധിച്ചിട്ടും പിന്മാറാതെ അമേരിക്ക; കെജ്രിവാളിന്റെ അറസ്റ്റിൽ നിലപാട് ആവര്‍ത്തിച്ച് പ്രതികരണം

Must read

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നു എന്നാവർത്തിച്ച് അമേരിക്ക. നിയമ നടപടികൾ സുതാര്യവും നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.

ഒപ്പം അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്കയുടെ പ്രതികരണത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.

കെജ്രിവാളിനെതിരായ നിയമ നടപടിയില്‍ യഥാസമയത്തുള്ള സുതാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുഎസിന്റെ ആദ്യത്തെ പ്രതികരണം. പിന്നാലെ യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്താവന അനാവശ്യമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു.

വിഷയത്തില്‍ പ്രതികരിച്ച ജർമൻ വിദേശകാര്യ മന്ത്രിയുടെ നടപടിക്കെതിരെ ജര്‍മ്മനിയുടെ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ശേഷം ജര്‍മ്മനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. എന്നാൽ അമേരിക്ക നിലപാട് ആവര്‍ത്തിച്ചതിൽ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഉറ്റുനോക്കപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week