ജയ്പുർ : യു.എസ് വനിതയെ കബളിപ്പിച്ച് 300 രൂപയുടെ ആഭരണങ്ങൾ ആറ് കോടി രൂപയ്ക്ക് വിറ്റതായി പരാതി. ജയ്പുരിലെ ജോഹ്‌രി ബസാറിലെ ഗൗരവ് സോണി എന്ന വ്യക്തിയുടെ കടയിൽ നിന്നാണ് യു.എസ് പൗരയായ ചെറിഷ് വെള്ളി പൂശിയ ആഭരണങ്ങൾ ആറ് കോടി രൂപയ്ക്ക് വാങ്ങിയത്. സംഭവത്തിൽ, യു.എസ് എംബസിയുടെ നിർദേശപ്രകാരം ജയ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2022-ൽ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് സോണിയെ ചെറിഷ് പരിചയപ്പെടുന്നത്. തുടർന്ന്, കൃത്രിമ ആഭരണമാണെന്ന് തിരിച്ചറിയാതെ ആറ് കോടി രൂപ പലപ്പോഴായി കൈമാറി. ഈ വർഷം ഏപ്രിലിൽ യു.എസ്സിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോളാണ് അമളി പറ്റിയ കാര്യം ചെറിഷ് തിരിച്ചറിയുന്നത്.
തുടർന്ന്, ചെറിഷ് ഇന്ത്യയിലേക്ക് പറന്ന് ഗൗരവ് സോണിയെ നേരിട്ട് കണ്ട് കാര്യം ചോദിച്ചു. ഇയാൾ ഇക്കാര്യം നിഷേധിച്ചതോടെയാണ് അവർ പരാതി സമർപ്പിച്ചത്. യു.എസ് എംബസിയുടെ സഹായവും ഇക്കാര്യത്തിൽ അവർ തേടി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സോണിയും പിതാവ് രാജേന്ദ്ര സോണിയും ഒളിവിലാണ്.