ജോസ് കെ.മാണിയുമായി കട്ടക്കലിപ്പ്‌; ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കി സിപിഎം

പാലാ: നഗരസഭയിലെ നഗരസഭാ കക്ഷി നേതാവായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി സിപിഎം. അച്ചടക്ക ലംഘനത്തിനാണു പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ഇതു സംബന്ധിച്ചു പത്രക്കുറിപ്പും പുറത്തിറക്കി.

ജോസ് കെ.മാണിയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോണ്‍ഗ്രസിനും (എം) ഒരേ സമയം തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ ബിനു ഈ കൗണ്‍സിലില്‍ പാര്‍ട്ടി ചിഹ്നത്തിലാണു മത്സരിച്ചത്.

പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗമാണ്. മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തില്‍ വരെ സമ്മര്‍ദം ചെലുത്തിയിരുന്നു.

കേരള കോണ്‍ഗ്രസ് (എം) തന്റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതില്‍ പ്രതിഷേധിച്ച് 2023 ജനുവരി മുതല്‍ പൊതുപരിപാടികളില്‍ കറുപ്പ് ഷര്‍ട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിനു (എം) സിപിഎം രാജ്യസഭാ സീറ്റ് നല്‍കിയ നടപടിയില്‍ പരിഹാസ സ്വരവുമായി ബിനു രംഗത്ത് എത്തിയിരുന്നു. ഇതോടെയാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിനു ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയെന്നു സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News