വാഷിങ്ടൺ: യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. ‘എച്ച്-1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026’ എന്ന പേരിൽ എലി ക്രെയിൻ അവതരിപ്പിച്ച ബിൽ, നിലവിലെ വിസാ സമ്പ്രദായം പൂർണമായും പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്. വൻകിട കോർപ്പറേറ്റുകളുടെ ലാഭത്തിനല്ല, മറിച്ച് കഠിനാധ്വാനം ചെയ്യുന്ന യു.എസ്. പൗരന്മാർക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിൻ പറഞ്ഞു.
ബ്രാൻഡൻ ഗിൽ, പോൾ ഗോസർ, ആൻഡി ഓഗിൾസ് തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളുടെ പിന്തുണ ബില്ലിനുണ്ട്. നിലവിൽ പ്രതിവർഷം അനുവദിക്കുന്ന 65,000 വിസകളുടെ എണ്ണം 25,000 ആയി കുറയ്ക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം. നിലവിലുള്ള ലോട്ടറി സമ്പ്രദായത്തിന് പകരം ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുന്ന രീതി കൊണ്ടുവരണമെന്നും കുറഞ്ഞ ശമ്പളം പ്രതിവർഷം 2,00,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ആയി നിശ്ചയിക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു.
ഒരു ജോലിചെയ്യാൻ യോഗ്യനായ അമേരിക്കൻ തൊഴിലാളിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തണമെന്നും, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി സ്വദേശീയരായ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. എച്ച്-1 ബി വിസയുള്ളവർ ഒന്നിലധികം ജോലികൾ ചെയ്യുന്നതും തേർഡ് പാർട്ടി ഏജൻസികൾവഴി വിദേശികളെ നിയമിക്കുന്നതും നിരോധിക്കണമെന്നും നിയമം നിർദേശിക്കുന്നു.
വിസയുള്ളവർക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും ഗ്രീൻ കാർഡ് അഥവാ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്താൻ ബിൽ ശുപാർശചെയ്യുന്നുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് ജോലിപരിചയം നേടാൻ സഹായിക്കുന്ന ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാം നിർത്തലാക്കാനും നിർദേശമുണ്ട്. യു.എസ്. തൊഴിലാളികൾക്ക് പകരം കുറഞ്ഞ കൂലിക്ക് വിദേശികളെ വയ്ക്കുന്ന രീതി അവസാനിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു.
സാങ്കേതിക വിദ്യ, എൻജിനീയറിങ് മേഖലകളിൽ വിദഗ്ധ തൊഴിലാളികളെ നിയമിക്കാൻ യു.എസ്. കമ്പനികളെ സഹായിക്കുന്നതാണ് എച്ച്-1 ബി വിസകൾ. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരായതിനാൽ, ഈ നിയമം നടപ്പിലായാൽ അത് ഇന്ത്യൻ പ്രൊഫഷണലുകളെ വലിയരീതിയിൽ ബാധിക്കും. തൊഴിൽ വിപണിയിലെ വിടവ് നികത്താൻ ഈ വിസകൾ അനിവാര്യമാണെന്ന് വ്യവസായ ഗ്രൂപ്പുകൾ വാദിക്കുമ്പോഴും, ഇത് തദ്ദേശീയരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നു എന്നതാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പക്ഷം.
English Summary
Republican members have introduced the ‘H-1B Visa Abuse Prevention Act of 2026’, proposing a three-year suspension of new H-1B visas to prioritize American workers. The bill, introduced by Eli Crane and backed by leaders like Brandon Gill and Paul Gosar, seeks to slash the annual visa cap from 65,000 to 25,000. It also demands a minimum salary requirement of $200,000 per year and the elimination of the current lottery system in favor of merit-based selection. Furthermore, employers must prove that no qualified American worker was available for the role and certify that no domestic staff were laid off to accommodate foreign hires.


