വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ വിന്യസിച്ച് അമേരിക്ക മേഖലയിൽ സൈനിക നീക്കം ശക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള സൈനിക വിഭാഗം, ഇറാൻ സ്ഥാപിച്ചിട്ടുള്ള അപകടകാരികളായ സീ മൈനുകൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നീ കപ്പലുകളെയാണ് ഈ ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളത്. രാജ്യാന്തര എണ്ണനീക്കത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കിനെ സുരക്ഷിതമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. കടലിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൈനുകൾ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകുകയുമാണ് ഈ കപ്പലുകളുടെ ദൗത്യം.
എണ്ണക്കപ്പലുകളെപ്പോലും നിമിഷങ്ങൾക്കുള്ളിൽ തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ളവയാണ് കടലിനടിയിൽ സ്ഥാപിച്ചിട്ടുള്ള ഈ സ്ഫോടകവസ്തുക്കൾ. ഐആർജിസി നേരത്തെ സ്ഥാപിച്ച സീ മൈനുകൾ പൂർണമായി നീക്കംചെയ്യാൻ അത്യാധുനിക സാങ്കേതിക വിദ്യകളാണ് അമേരിക്ക ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. മൈനുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അപകടകരമായ പ്രദേശങ്ങളിലേക്ക് യുദ്ധക്കപ്പലുകളെ നേരിട്ട് അയക്കുന്ന രീതി അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. പകരം അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ (UUV) അഥവാ കടലിനടിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. മനുഷ്യജീവൻ അപകടത്തിലാക്കാതെ തന്നെ കൃത്യമായി മൈനുകൾ കണ്ടെത്താൻ ഇത്തരം അത്യാധുനിക യന്ത്രങ്ങൾ സൈന്യത്തെ സഹായിക്കുന്നുണ്ട്.
എംകെ 18, മോഡ് 2 കിങ്ഫിഷ് തുടങ്ങിയ ഡ്രോണുകളാണ് ഈ ദൗത്യത്തിനായി കടലിനടിയിൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ടോർപ്പിഡോയുടെ ആകൃതിയിലുള്ള ഈ ഡ്രോണുകൾ വെള്ളത്തിലൂടെ നീങ്ങുകയും ഹൈടെക് സോണാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്യും. കടൽത്തട്ടിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകളെ ഇവ കൃത്യമായി കണ്ടെത്തുകയും കപ്പലുകളിലേക്ക് വിവരം കൈമാറുകയും ചെയ്യുന്നു. എംഎച്ച് 60എസ് പോലുള്ള ഹെലികോപ്ടറുകളുടെ സഹായവും സീ മൈനുകൾ നീക്കംചെയ്യാൻ അമേരിക്കൻ നാവികസേന പ്രയോജനപ്പെടുത്തുന്നുണ്ട്. ഏതുതരം പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സജ്ജമായ രീതിയിലാണ് ഈ തിരച്ചിൽ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ജലോപരിതലത്തിന് തൊട്ടുതാഴെ ഒഴുകിനടക്കുന്ന സ്ഫോടകവസ്തുക്കളെ കണ്ടെത്താൻ എയർബോൺ ലേസർ മൈൻ ഡിറ്റക്ഷൻ സിസ്റ്റം (ALMDS) സൈന്യത്തെ സഹായിക്കുന്നു. ഹെലികോപ്ടറിലോ ഡ്രോണിലോ ഘടിപ്പിച്ചിട്ടുള്ള ഈ ലേസർ സംവിധാനം അതിവേഗത്തിൽ കടൽപ്പരപ്പിനെ നിരീക്ഷിക്കാൻ പ്രാപ്തമാണ്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നപക്ഷം എയർ ബോൺ മൈൻ ന്യൂട്രലൈസേഷൻ സിസ്റ്റം (AMNS) ഉപയോഗിച്ച് അവയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ചെറിയ റോബോട്ടിക് യന്ത്രത്തെ മൈനിന്റെ അടുത്തേക്ക് അയച്ച് അതിനെ പൊട്ടിത്തെറിപ്പിക്കുന്ന രീതിയാണിത്. ഇതോടെ കപ്പലുകൾക്ക് കടന്നുപോകാൻ സുരക്ഷിതമായ പാത ഹോർമുസ് കടലിടുക്കിൽ തെളിയുന്നു.
യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണും യുഎസ്എസ് മൈക്കിൾ മർഫിയും കേവലം സുരക്ഷാ കപ്പലുകൾ മാത്രമല്ല, ഈ ദൗത്യത്തിന്റെ നട്ടെല്ല് കൂടിയാണ്. ഈ കപ്പലുകളിലെ ഏജീസ് കോമ്പാറ്റ് സിസ്റ്റം ശത്രുക്കളുടെ ഏതുതരം നീക്കങ്ങളെയും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ സഹായിക്കുന്നു. ഇറാനിൽനിന്നെത്തിയേക്കാവുന്ന കര-വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇന്റർസെപ്റ്റർ മിസൈലുകളും ഈ കപ്പലുകളിൽ സജ്ജമാണ്. മൈൻ നീക്കം ചെയ്യുന്ന സംഘത്തിന് നേരെ ആക്രമണമുണ്ടായാൽ ഉടൻ തിരിച്ചടിക്കാൻ ഈ കപ്പലുകൾക്ക് സാധിക്കും. അത്യാധുനിക റഡാറുകൾ ഉപയോഗിച്ച് മൈലുകൾക്കപ്പുറമുള്ള ശത്രുനീക്കങ്ങൾ സൈന്യം നിരീക്ഷിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണ വിപണിയെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഈ നീക്കത്തെ അതീവ താല്പര്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഇത്തരം സൈനിക നീക്കങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. എങ്കിലും സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാതെ ഉപരോധങ്ങൾ നീക്കാനാവില്ലെന്ന നിലപാടിലാണ് അമേരിക്കൻ ഭരണകൂടം. വരും ദിവസങ്ങളിൽ കൂടുതൽ ഡ്രോണുകളെ ഈ ദൗത്യത്തിനായി മേഖലയിൽ എത്തിക്കുമെന്നാണ് സൂചന.
ഇറാനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം സമുദ്രപാതയിൽ വലിയ സംഘർഷങ്ങൾക്ക് വഴിമാറുകയാണ്. ഓരോ മൈനുകൾ നീക്കം ചെയ്യുമ്പോഴും അത് ഇറാന്റെ സൈനിക സ്വാധീനത്തെ കുറയ്ക്കുന്നുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. സൈനികമായ ഈ മേധാവിത്വം രാഷ്ട്രീയ ചർച്ചകളിൽ മേൽക്കൈ നേടാൻ അമേരിക്കയെ സഹായിച്ചേക്കും. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും മൈൻ വിമുക്തമാക്കാൻ ആഴ്ചകളോളം സമയം എടുത്തേക്കാം. കടലിനടിയിലെ ഈ യുദ്ധം പശ്ചിമേഷ്യയുടെ സമാധാനാന്തരീക്ഷത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു.
The US military has deployed two advanced warships, USS Frank E. Petersen and USS Michael Murphy, to the Strait of Hormuz to counter threats and clear sea mines laid by Iran. Utilizing High-tech drones like MK 18 Kingfish and sonar-equipped MH-60S helicopters, the Navy is identifying and neutralizing underwater explosives. These vessels are equipped with the Aegis Combat System and interceptor missiles to provide a protective shield against potential Iranian aerial or surface attacks during the demining operation.


