വാഷിങ്ടൺ: 24 ദിവസമായി പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇറാൻ – യു.എസ്.-ഇസ്രയേൽ സംഘർഷത്തിൽ നിർണ്ണായകമായ താത്കാലികാശ്വാസം. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അന്ത്യശാസനത്തിൽ ഇറാന് അഞ്ചുദിവസം കൂടി സമയം അനുവദിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി നടത്തിയ ദ്വിദിന ചർച്ചകളിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്നും സംഘർഷത്തിന് സമ്പൂർണ്ണ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അഞ്ചുദിവസത്തെ കാലയളവിൽ ഇറാന്റെ ഊർജനിലയങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇതുസംബന്ധിച്ച കർശന നിർദ്ദേശം യുദ്ധവകുപ്പിന് നൽകിയതായും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ അന്ത്യശാസന കാലാവധി തിങ്കളാഴ്ച അർധരാത്രി അവസാനിക്കാനിരിക്കെയാണ് ഈ പുതിയ നീക്കം. അമേരിക്കയും ഇറാനും തമ്മിൽ പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും തന്റെ വിശ്വസ്തരായ ജാരദ് കഷ്നറും സ്റ്റീവ് വിറ്റ്കോഫും ചർച്ചകളിൽ സജീവമായി പങ്കെടുത്തെന്നും ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാൽ, അമേരിക്കൻ പ്രസിഡന്റുമായി തങ്ങൾ ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ശക്തമായ താക്കീതിനെത്തുടർന്ന് ട്രംപിന് പിന്തിരിയേണ്ടി വന്നുവെന്നാണ് ഇറാൻ ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലോകമെമ്പാടും കനത്ത ഇന്ധന പ്രതിസന്ധിക്കും സാമ്പത്തിക തകർച്ചയ്ക്കും കാരണമാകുമെന്ന ആശങ്ക നിലനിന്നിരുന്നു. ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാനായി പശ്ചിമേഷ്യയിലെ ഊർജോത്പാദന കേന്ദ്രങ്ങളുടെയും കടൽവെള്ള ശുദ്ധീകരണശാലകളുടെയും പട്ടിക ഇറാന്റെ ‘ഫാർസ്’ വാർത്താ ഏജൻസി തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടിരുന്നു.
ഈയൊരു യുദ്ധസമാനമായ സാഹചര്യത്തിൽ നിന്നാണ് അഞ്ചുദിവസത്തെ പുതിയ സമയപരിധിയിലൂടെ താൽക്കാലികമായെങ്കിലും ലോകം ആശ്വാസം കൊള്ളുന്നത്. വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങൾ പശ്ചിമേഷ്യയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.
US President Donald Trump has granted Iran a five-day extension to reopen the Strait of Hormuz, providing a temporary reprieve in the 24-day-old conflict. Trump claimed “constructive progress” in two-day talks and ordered the military to halt strikes on Iranian energy plants during this period. While Trump mentioned agreements through advisors Jared Kushner and Steve Witkoff, Iranian media countered that the US stepped back due to Iran’s warnings and denied direct talks.


