തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ വരവോടെ എറണാകുളം ജംഗ്ഷനേക്കാൾ തിരക്കേറിയ സ്റ്റേഷനായി തൃപ്പൂണിത്തുറ മാറുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ യാത്രക്കാർ വലയുന്നു. മെട്രോ ടെർമിനൽ പ്രവർത്തനമാരംഭിച്ചതോടെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെട്രോയ്ക്ക് ഇന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് തൃപ്പൂണിത്തുറ സ്റ്റേഷനെ ആശ്രയിക്കുന്ന റെയിൽവേ യാത്രക്കാരിൽ നിന്നാണെന്നിരിക്കെ, റെയിൽവേയുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് പ്രതിഷേധത്തിന് കാരണമാകുന്നു. യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നാണ് യാത്രക്കാരുടെ സംഘടനയായ ‘ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ ആവശ്യപ്പെടുന്നത്.
ഉച്ചയ്ക്ക് 02.26-ന് പരശുറാം എക്സ്പ്രസ്സ് കടന്നുപോയാൽ വൈകുന്നേരം 05.37-ന് എത്തുന്ന വേണാട് എക്സ്പ്രസ്സ് വരെ കോട്ടയം ഭാഗത്തേക്ക് ട്രെയിനുകളില്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. മണിക്കൂറുകളോളം ട്രെയിനില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായി വേണാടിന് മുന്നോടിയായി ഒരു മെമു അല്ലെങ്കിൽ പാസഞ്ചർ സർവീസ് വേണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. നിലവിൽ വേണാട് എത്തുമ്പോഴേക്കും പ്ലാറ്റ്‌ഫോമിൽ നിൽക്കാൻ പോലും ഇടമില്ലാത്തത്ര തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ വിന്യസിക്കേണ്ടി വരുന്നത് തന്നെ ഇവിടുത്തെ സാഹചര്യം എത്രത്തോളം ഭീകരമാണെന്ന് തെളിയിക്കുന്നു. പലരും വാതിൽപ്പടിയിൽ തൂങ്ങിക്കിടന്നാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത്.
യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ 56317/18 ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കണമെന്ന നിർദ്ദേശം ശക്തമാണ്. വൈകുന്നേരം 03.42-ന് എറണാകുളം ടൗണിലെത്തുന്ന ഈ ട്രെയിൻ കോട്ടയത്തേക്ക് നീട്ടിയാൽ വേണാടിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇത് കോട്ടയത്തുനിന്നുള്ള കൊല്ലം മെമു കണക്ഷൻ ലഭിക്കുന്നതിനും സഹായകരമാകും. മറ്റ് സർവീസുകളെയോ മെയിന്റനൻസിനെയോ ബാധിക്കാതെ തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമെന്ന് റെയിൽവേ സാങ്കേതിക വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ ആവശ്യം ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ലിഫ്റ്റ് നിർമ്മാണം അവസാനഘട്ടത്തിലാണെങ്കിലും വർഷങ്ങൾക്ക് മുൻപേ വരേണ്ടതായിരുന്നു ഇതെന്നാണ് യാത്രക്കാർ പറയുന്നത്. റെയിൽവേ ഓവർ ബ്രിഡ്ജിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുക, മെട്രോ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇനിയും അവ്യക്തത തുടരുന്നു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന് ഒരു ട്രാക്ക് കൂടി സ്ഥാപിച്ച് മൂന്നാം പ്ലാറ്റ്‌ഫോം നിർമ്മിച്ചാൽ തൃപ്പൂണിത്തുറയിൽ നിന്ന് ദീർഘദൂര സർവീസുകൾ വരെ ആരംഭിക്കാൻ സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇൻഫോപാർക്കിലേക്കുള്ള മെട്രോ ഫീഡർ ബസുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ ഫീഡർ ബസ് ഉപയോഗിക്കുന്നവരിൽ 99 ശതമാനവും ട്രെയിൻ യാത്രക്കാരാണ്. തൃപ്പൂണിത്തുറയെ എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകൾക്കൊപ്പം വികസിപ്പിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് യാത്രക്കാർ. എന്നാൽ, ഉടൻ പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ ഉണ്ടാകാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യാത്രക്കാരുടെ തീരുമാനം.
പ്രധാന ആവശ്യങ്ങൾ:
- ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317/18) കോട്ടയത്തേക്ക് ദീർഘിപ്പിക്കുക.
- പരശുറാമിനും വേണാടിനും ഇടയിൽ പുതിയ മെമു/പാസഞ്ചർ സർവീസ്.
- മൂന്നാം പ്ലാറ്റ്‌ഫോം നിർമ്മാണം വേഗത്തിലാക്കുക.
- മെട്രോ സ്റ്റേഷനുമായി നേരിട്ടുള്ള പാസേജ് ബന്ധിപ്പിക്കുക.
- ഇൻഫോപാർക്ക് ഫീഡർ ബസ് സ്റ്റേഷനിൽ നിന്ന് തന്നെ തുടങ്ങുക.
Tripunithura Railway Station has surpassed Ernakulam Junction in passenger traffic due to the new Metro terminal. However, severe lack of facilities and huge gaps between train timings, especially between Parasuram and Venad Express, are causing extreme hardships. Passengers demand extending the Guruvayur-Ernakulam passenger to Kottayam and urgent completion of Amrit Bharat development works.


