വാഷിങ്ടൻ: യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെ. 435 അംഗ സഭയിൽ 217 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടി നിലവിൽ നേടിയിട്ടുള്ളത്. 218 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. 209 സീറ്റുകൾ ഡെമോക്രാറ്റുകൾ നേടി. ബാക്കി 9 സീറ്റിൽ നാലിലും റിപ്പബ്ലിക്കൻ പാർട്ടിയാണു മുന്നിൽ. നവംബർ എട്ടിനായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു നടന്നത്. ഒരാഴ്ച പിന്നിട്ടിട്ടും വോട്ടുകൾ എണ്ണിത്തീർന്നിട്ടില്ല.
സ്പീക്കർ സ്ഥാനത്തേക്കു കെവിൻ മക്കാർത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകും. പാർട്ടിയിലെ എതിർപ്പുകൾ മറികടന്ന മക്കാർത്തി നോമിനേഷൻ നേടി. ഡെമോക്രാറ്റ് പാർട്ടിയുടെ നാൻസി പെലോസിയാണു നിലവിൽ സ്പീക്കർ. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷം നഷ്ടപ്പെടുന്നതോടെ മക്കാർത്തിക്കു വഴി തെളിയും. ജനുവരിയിലാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.
യുഎസിൽ 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു പ്രതീക്ഷിച്ച വിജയമുണ്ടാകാതിരുന്നതിന്റെ പേരിലുള്ള വിമർശനങ്ങൾ നിലനിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.