31.1 C
Kottayam
Friday, May 3, 2024

അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആഘോഷം,ഗോളിന്റെ ആറാട്ടുമായി മെസിപ്പട എത്തി

Must read

അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ദുർബലരായ യുഎഇയെ ഗോളില്‍ മുക്കി അര്‍ജന്‍റീന. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മെസിയുടെയും സംഘത്തിന്‍റേയും വിജയം. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. ലോകകപ്പിന് മുന്നോടിയായി മെസി ഗോളും അസിസ്റ്റുമായി തിളങ്ങി, 

4-3-3 ശൈലിയിലാണ് സ്‌കലോണി തന്‍റെ ടീമിനെ മൈതാനത്ത് അവതരിപ്പിച്ചത്. ഏഞ്ചല്‍ ഡി മരിയ, ലിയോണല്‍ മെസി, ജൂലിയന്‍ ആല്‍വാരസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് അര്‍ജന്‍റീന ഇറങ്ങി. പരിക്കേറ്റ് ലോകകപ്പിന് മുമ്പ് ജിയോവനി ലോ സെൽസോ പുറത്തായപ്പോള്‍ റോഡ്രിഗോ ഡി പോളും ഡാനിയല്‍ പരേഡസും അലക്‌സിസ് മാക് അലിസ്റ്ററും മധ്യനിര ഭരിക്കാനെത്തി. ഒട്ടോമെന്‍ഡിക്ക് പുറമെ മാര്‍ക്കോസ് അക്യൂനയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും ജുവാന്‍ ഫോയ്‌ത്തുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ബാറിന് കീഴെ അധിപനായി എമിലിയാനോ മാര്‍ട്ടിനസും ഇടംപിടിച്ചു.

ആദ്യപകുതിയില്‍ നാല്

മത്സരത്തിന് കിക്കോഫായി തുടക്കത്തിലെ പന്തടക്കത്തില്‍ മുന്‍തൂക്കം നേടിയെങ്കിലും ആദ്യ പത്ത് മിനുറ്റില്‍ വല ചലിപ്പിക്കാന്‍ ലിയോണല്‍ മെസിക്കും സംഘത്തിനുമായില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ഗോള്‍പൂരവുമായി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ കളം കയ്യടക്കുന്നതാണ് കണ്ടത്. 17-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. 25-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയ ലീഡ് രണ്ടാക്കി. ഇത്തവണ അക്യൂനയുടെ വകയായിരുന്നു അസിസ്റ്റ്. 36-ാം മിനുറ്റില്‍ അലിസ്റ്ററിന്‍റെ അസിസ്റ്റില്‍ ഡി മരിയ രണ്ടാമതും വലകുലുക്കി. 44-ാം മിനുറ്റില്‍ മരിയയുടെ അസിസ്റ്റില്‍ ലിയോണല്‍ മെസി പട്ടിക നാലാക്കി.

ഗോളടിമേളം ആദ്യപകുതി കൊണ്ട് അര്‍ജന്‍റീന അവസാനിപ്പിച്ചില്ല. രണ്ടാംപകുതിയില്‍ 60-ാം മിനുറ്റില്‍ ഡി പോളിന്‍റെ അസിസ്റ്റില്‍ ജ്വാക്വിം കൊറേയ ലക്ഷ്യം കണ്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week