ടെഹ്റാൻ: ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിക്കുന്നത്. രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജാസ്ക്, ഖേഷ്ം, ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞദിവസം ഇറാനിലെ 140 സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തടയാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്ക നേരത്തേ വിശദീകരിച്ചിരുന്നത്.
ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയുള്ള കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് സാഹചര്യം വഷളായത്. മേഖലയിലെ യുഎസ് ഇടപെടലുകൾ അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏകപക്ഷീയമായ കരാറുകളുടെ കാലം അവസാനിച്ചുവെന്നും തങ്ങളുടെ മുന്നറിയിപ്പുകൾ ഗൗനിക്കാത്തവർ വലിയ വില നൽകേണ്ടിവരുമെന്നും ഇറാന്റെ പ്രതിനിധി മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


